ന്യൂഡല്‍ഹി: പശ്‌ചിമേഷ്യന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ജീവന്‍ പണയപ്പെടുത്തി ഗള്‍ഫ് തീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ഏകദേശം 23,000 ഇന്ത്യക്കാര്‍. ചരക്കുകപ്പലുകള്‍, തുറമുഖങ്ങളിലും ഉള്‍ക്കടലുകളിലും നങ്കൂരമിട്ട മറ്റ് കപ്പലുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരാണിവര്‍. ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഇറാന്‍ തുറമുഖമായ ബന്ദര്‍ അബ്ബാസില്‍ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യക്കാരനായ അംബുജ് (26) എന്ന നാവികന്‍ വാര്‍ത്താ ഏജന്‍സിയോട് ഫോണില്‍ പ്രതികരിച്ചു. തുറമുഖത്ത് നിരന്തരം മിസൈലുകളും ഡ്രോണുകളും വന്നുപതിക്കുന്ന സാഹചര്യത്തില്‍, ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയിലാണു ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വീട്ടില്‍നിന്ന് പുറപ്പെട്ടിട്ട് ആറുമാസമായെന്നും കുടുംബാംഗങ്ങളെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അംബുജ് പറഞ്ഞു. അംബുജിനൊപ്പം 15 ജീവനക്കാര്‍കൂടി കപ്പലിലുണ്ട്.
ചുറ്റും അമ്പതിലേറെ മറ്റ് കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. യുദ്ധസാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കമ്പനി ജോലി ഒഴിവാക്കിക്കൊടുത്തെങ്കിലും നാട്ടിലേക്കു മടങ്ങാന്‍ മാര്‍ഗമില്ല. തീരത്തിറങ്ങിയാലും ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്ന് വിമാന സര്‍വീസുകളില്ല. മധ്യേഷ്യയിലേക്കോ മറ്റ് എവിടേക്കെങ്കിലുമോ യാത്ര തുടരാന്‍ കപ്പലിന് അനുമതി ലഭിച്ചാല്‍ ഏതെങ്കിലും തുറമുഖത്തിറങ്ങി നാട്ടിലേക്കുള്ള ആദ്യവിമാനം പിടിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനേത്തുടര്‍ന്ന് നൂറുകണക്കിനു ചരക്കുകപ്പലുകളും എണ്ണ ടാങ്കറുകളും യാത്ര തുടരാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. കപ്പലുകള്‍ക്കു നേരേ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഗോളതലത്തില്‍ത്തന്നെ കപ്പലുകളിലേക്ക് ഏറ്റവുമധികം നാവികരെ സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മൂന്നുലക്ഷത്തിലേറെ ഇന്ത്യന്‍ നാവികര്‍ ലോകമെമ്പാടും വിവിധ കപ്പലുകളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. മുകളിലേക്കു നോക്കിയാല്‍ ഡ്രോണുകളും പോര്‍വിമാനങ്ങളും മാത്രമാണ് കാണാനുള്ളതെന്നും പ്രാണഭയത്തോടെയാണ് ഓരോ നിമിഷവും കഴിയുന്നതെന്നും ഒരു ഇന്ത്യന്‍ ചരക്കുകപ്പല്‍ ജീവനക്കാരനായ എം. കാന്ത പറഞ്ഞു. ഈമാസം ആദ്യം സ്‌റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് കണക്‌ഷന്‍ ഇറാന്‍ വിഛേദിച്ചു. മാര്‍ച്ച് ആറിനുശേഷം സ്‌റ്റാര്‍ലിങ്ക് പുനഃസ്‌ഥാപിച്ചശേഷമാണ് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനായത്. സുരക്ഷാകാരണങ്ങളാല്‍, കപ്പലിന്റെ വിശദാംശങ്ങളോ നങ്കൂരമിട്ടിരിക്കുന്ന മേഖലയോ വെളിപ്പെടുത്തരുതെന്നാണ് ഇന്ത്യന്‍ അധികൃതരില്‍നിന്നും കമ്പനിയില്‍നിന്നുമുള്ള നിര്‍ദേശം.
ആകാശത്തു കാണുന്ന ഡ്രോണുകളുടെയും പോര്‍വിമാനങ്ങളുടെയും എണ്ണമെടുക്കുകയാണ് ഇപ്പോഴത്തെ ഹോബിയെന്ന് മറ്റൊരു നാവികന്‍ തമാശരൂപേണ പറഞ്ഞു. കടുത്ത മാനസികസമ്മര്‍ദവും ഭീതിയും മൂലം ഉറങ്ങാന്‍പോലും കഴിയുന്നില്ല. രണ്ട് ഇന്ത്യന്‍ ചരക്കുകപ്പലുകള്‍ക്കു ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ കഴിഞ്ഞ വെള്ളിയാഴ്‌ച അനുമതി നല്‍കിയിരുന്നു. കൂടുതല്‍ കപ്പലുകള്‍ക്ക് ഈ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാവികരുടെ കടല്‍ജീവിതം.