ആലപ്പുഴ: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ അമ്പലപ്പുഴയില്‍ വിശദീകരണയോഗം നടത്താന്‍ സിപിഐഎം. ഇന്ന് വലിയ റാലിയും സിഎസ് സുജാതയുടെ നേതൃത്വത്തിലുള്ള വിശദീകരണയോഗവും നടത്തും. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ മത്സരിച്ചാല്‍ പാര്‍ട്ടിയുടെ ഒരു വോട്ടുപോലും സുധാകരന്റെ പെട്ടിയില്‍ വീഴാതിരിക്കാനും ഒരു വോട്ടുപോലും ചോരാതിരിക്കാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ൂവായിരത്തില്‍ അധികം ആളുകളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്.
സുധാകരന്റെ വിഷയം ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തിരുന്നു. സുധാകരനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് തീരുമാനം എടുത്തത്. എന്നാല്‍ സുധാകരന്‍ ഉയര്‍ത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണ യോഗം. വിഎസ് അച്യുതാനന്ദന്റെ വീട്ടില്‍ നിന്നും ആരംഭിക്കുന്ന റാലി സുധാകരന്റെ വീടിന് മുന്നിലൂടെ കടന്നുപോകും. നാലു മണിക്കാണ് അമ്പലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടി വിട്ടത്് എന്തിന് വേണ്ടിയാണെന്നും ജി സുധാകരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയും പറയും.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍ പാര്‍ട്ടിവിടുകയാണെന്നും അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സുധാകരനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്. നേരത്തേ സുധാകരന്റെ വീടിന് മുന്നില്‍ വര്‍ഗ്ഗവഞ്ചകന്‍ എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. നേരത്തേ വാര്‍ത്താസമ്മേനത്തില്‍ എച്ച് സലാമിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു സുധാകരന്‍ നടത്തിയത്. പൊളിറ്റിക്കല്‍ ക്രിമിനലാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ജി സുധാകരനുമായി വ്യക്തിപരമായി ശത്രുതയില്ലെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്കെല്ലാം വ്യക്തിപരമായി മറുപടി പറയാനില്ലെന്നും എച്ച് സലാം പറഞ്ഞു.