Sunday, March 15, 2026 Last Updated 14 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

27 സീറ്റില്‍ മത്സരിക്കും മുസ്ലിം ലീഗ്‌ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല: കുഞ്ഞാലിക്കുട്ടി

uploads/news/2026/03/830158/7.jpg

=കോഴിക്കോട്‌ : യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗ്‌ ഇക്കുറി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന്‌ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
ഉപമുഖ്യമന്ത്രി പദത്തില്‍ ലീഗ്‌ ആയിരിക്കുമെന്ന്‌ രാഷ്‌ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. കഴിഞ്ഞ തവണത്തേതു പോലെ ഇക്കുറിയും ലീഗ്‌ 27 സീറ്റുകളിലായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായാല്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്‌.അധികാരത്തില്‍ എത്തേണ്ടതാണ്‌. ഉപമുഖ്യമന്ത്രി പദം ലഭിക്കാന്‍ എല്ലാ സാധ്യതകളും മുസ്ലിം ലീഗിന്‌ മുന്നിലുണ്ട്‌. 2011-ല്‍ യു.ഡി.എഫ്‌. അധികാരത്തിലെത്തിയ വേളയില്‍ ഉമ്മന്‍ ചാണ്ടി മുസ്ലിം ലീഗിനോട്‌ ഉപമുഖ്യമന്ത്രി പദം വേണോ എന്ന്‌ ചോദിച്ചിരുന്നു. ഇക്കാര്യം പാണക്കാട്‌ തങ്ങളുമായി സംസാരിച്ചു. തങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍ വേണ്ട എന്നാണ്‌ താന്‍ അന്നു പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. അതുതന്നെയാണ്‌ ഇപ്പോഴും തന്റെ നിലപാടെന്നും ഉപമുഖ്യമന്ത്രി പദം ലീഗ്‌ ചോദിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
2011-ല്‍ യു.ഡി.എഫിന്‌ നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്‌. 72 സീറ്റില്‍ യു.ഡി.എഫും 68 സീറ്റില്‍ എല്‍.ഡി.എഫും ജയിച്ച തെരഞ്ഞെടുപ്പായിരുന്നു അത്‌. സമ്മര്‍ദം ചെലുത്തിയാല്‍ മുസ്ലിം ലീഗിന്‌ ഉപമുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നു. ഈ വേളയിലാണ്‌ ഉമ്മന്‍ ചാണ്ടി ചോദിച്ചതും മുസ്ലിം ലീഗ്‌ നിരസിച്ചതും. യു.ഡി.എഫിനെ നിയന്ത്രിക്കുന്നത്‌ മുസ്ലിം ലീഗാണ്‌ എന്ന്‌ ഇടതുചേരിയും ബി.ജെ.പിയും പ്രചരിപ്പിക്കുന്നതിനിടെയാണ്‌ കുഞ്ഞാലിക്കുട്ടി നിലപാട്‌ വ്യക്‌തമാക്കിയത്‌.
കേരളത്തില്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ ലീഗ്‌ സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തിലായിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്‌ഥയില്ലാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട്‌. ആര്‍ക്കും ലീഗില്‍ അംഗത്വം എടുക്കാം. മതം ഇതിനായി പരിഗണിക്കപ്പെടുന്നില്ല. പലതവണ ലീഗ്‌ സര്‍ക്കാരില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്താണ്‌. പാര്‍ട്ടിയുടെ നയം എല്ലായ്‌പ്പോഴും മതേതരവും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം കേരളത്തിലുണ്ടാക്കിയ ധ്രുവീകരണ പശ്‌ചാത്തലത്തില്‍ ലീഗിന്റെ ഇപ്പോഴത്തെ നിലപാട്‌ ശ്രദ്ധേയമാണ്‌. അഞ്ചാം മന്ത്രി സ്‌ഥാനത്തിനു വേണ്ടി പാണക്കാട്‌ തങ്ങളുള്‍പ്പെടെ പുതുപ്പള്ളിയിലേക്കു ചെന്നത്‌ ലീഗിനും ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ ലീഗ്‌ നേതാക്കള്‍ വളരെ കരുതലോടെയാണ്‌ പ്രതികരിക്കുന്നത്‌. കെ.എം. ഷാജിയുടെ ഒരു പ്രസ്‌താവന മാത്രമാണ്‌ ഇതിന്‌ വിരുദ്ധമായത്‌.
മതമാണ്‌, മതമാണ്‌ വലുതെന്നും മുസ്ലിം സമുദായത്തിന്‌ വേണ്ടി ഇത്തവണ ഭരണം പിടിക്കണമെന്നുമുള്ള ഷാജിയുടെ പ്രസ്‌താവന ഇടത്‌, ബി.ജെ.പി. സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഇപ്പോഴും ആഘോഷിക്കുകയാണ്‌. ലീഗിന്റെ എം.എല്‍.എയായിരുന്ന കെ.എന്‍.എ. ഖാദര്‍ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച്‌ നേരത്തേ വിവാദ പരാമര്‍ശം നടത്തിയിരുന്നു. മുസ്ലിം ലീഗ്‌ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും അത്‌ ലീഗിന്‌ എപ്പോഴും അര്‍ഹതപ്പെട്ടതാണെന്നുമായിരുന്നു ഖാദറിന്റെ പ്രതികരണം.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google