കൊച്ചി : വാണിജ്യ പാചകവാതക വിതരണം കുറഞ്ഞതോടെ കേരളത്തിലെ ഹോട്ടല്‍ മേഖല
പ്രതിസന്ധിയിലായി. സംസ്‌ഥാനത്തെ ഏകദേശം 40 ശതമാനം ഹോട്ടലുകളും ഭക്ഷണശാലകളും പൂട്ടി. പല ഹോട്ടലുകളും മെനുവല്‍ മാറ്റം വരുത്തി. പൊറോട്ട, ചപ്പാത്തി, ദോശ തുടങ്ങിയ തവയില്‍ പാചകം ചെയ്ുന്ന വിഭവങ്ങള്‍ മിക്ക ഹോട്ടലുകളിലും ലഭ്യമല്ല. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍
സംസ്‌ഥാനത്തെ ഹോട്ടലുകള്‍ക്ക് ഒരു എല്‍.പി.ജി. ലോഡും ലഭിച്ചിട്ടില്ല. ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ വാണിജ്യ സിലിണ്ടറുകളുടെ വിതരണം കര്‍ശനമായി നിയന്ത്രിച്ചതാണ് കാരണം.
കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയില്‍ പാചകവാതക പ്രതിസന്ധി മറികടക്കാന്‍ വിറകടുപ്പിലേക്ക് മാറി. പക്ഷേ, നഗരപ്രദേശങ്ങളിലെ എല്ലാ ഹോട്ടലുകളിലും വിറക് ഉപയോഗിച്ച് പാചകം നടത്തുന്നത് പ്രായോഗികമല്ല. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി നഗരങ്ങളിലെ മിക്ക ഹോട്ടലുകളും ആധുനിക അടുക്കള സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. അവിടങ്ങളില്‍ വിറക് ഉപയോഗിച്ച് പാചകം ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ നഗരപ്രദേശങ്ങളിലെ ഹോട്ടലുകളാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.
പാചകവാതക ലഭ്യത കുറഞ്ഞതോടെ, വിറകിന്റെ വിലയിലും വര്‍ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്‌ചകൊണ്ട് ഒരു ടണ്‍ വിറകിന് ആയിരം മുതല്‍ ആയിരത്തിഅഞ്ഞൂറ് രൂപ വരെയാണ് ഉയര്‍ന്നത്. ഹോട്ടലുകള്‍ക്കൊപ്പം കാറ്ററിംഗ് സ്‌ഥാപനങ്ങള്‍, ഹോസ്‌റ്റലുകള്‍, കാന്റീനുകള്‍, തുടങ്ങിയവയും പ്രതിസന്ധിയിലാണ്. വിവാഹസീസണ്‍ തുടങ്ങാനിരിക്കെ എല്‍.പി.ജി. ക്ഷാമം തുടര്‍ന്നാല്‍ കാറ്ററിങ് മേഖലയ്‌ക്കു തിരിച്ചടിയാകും. മുന്‍കൂട്ടിയുള്ള ബുക്കിംഗ് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തലാണു പല കാറ്ററിംഗ് സ്‌ഥാപനങ്ങളും. ഹോസ്‌റ്റലുകളിലെ മെസ് സംവിധാനങ്ങളും ഈ സാഹചര്യത്തില്‍ മുന്നോട്ടു പോകാത്ത അവസ്‌ഥയാണ്.
കൂടാതെ ഹോട്ടലുകള്‍ അടച്ചിടുന്നതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാകാനുള്ള സാധ്യതയും കൂടും.