അടൂര്‍: താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയെന്നു ബന്ധുക്കളുടെ പരാതി. അടൂര്‍ ഏനാദിമംഗലം കുന്നിട പ്രദീപ്‌ഭവനില്‍ പ്രദീപി(40)ന്റെ ബന്ധുക്കളാണ് ഫ്രീസര്‍ തകരാര്‍ സംബന്ധിച്ച് ആരോപണമുന്നയിച്ചത്.
തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പ്രദീപിന്റെ മൃതദേഹം കഴിഞ്ഞ 12-ന് വൈകിട്ട് ആറരയ്‌ക്കാണ് ഏനാത്ത് പോലീസ് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ 11-ന് ബന്ധുക്കള്‍ ഡോക്‌ടര്‍ക്കൊപ്പം മോര്‍ച്ചറിയില്‍ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ, പോസ്‌റ്റുമോര്‍ട്ടം നടത്താന്‍ ഡോക്‌ടര്‍ വിസമ്മതിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബിനുമോന്‍, ജില്ലാ സെക്രട്ടറിമാരായ നിഥിന്‍ ശിവ, രൂപേഷ് അടൂര്‍, സജി മഹര്‍ഷിക്കാവ്, അനില്‍ ചെന്താമരവിള, സി.പി.ഐ. സംസ്‌ഥാനസമിതിയംഗം ഡി. സജി, എം. മനു എന്നിവര്‍ സ്‌ഥലത്തെത്തി ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. മോര്‍ച്ചറിയില്‍ ഫ്രീസര്‍ തകരാറില്ലെന്നും മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതു വൈകിയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം വിശദീകരിച്ചു. മൃതദേഹം പോലീസിന്റെ ചെലവില്‍ പത്തനംതിട്ടയിലെത്തിച്ച്, പോലീസ് സര്‍ജന്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിച്ചു. തുടര്‍ന്ന്, പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി.