ന്യൂഡല്‍ഹി: നിര്‍ബന്ധിത ആര്‍ത്തവാവധി സ്‌ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നു സുപ്രീം കോടതി. ആര്‍ത്തവാവധി നിമയം വന്നാല്‍ തൊഴിലുടമകള്‍ സ്‌ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കുമെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തങ്ങള്‍ പുരുഷന്‍മാരേക്കാള്‍ താഴ്‌ന്നവരാണെന്ന ചിന്ത സ്‌ത്രീകളിലുണ്ടാകാന്‍ നിയമം കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലിചെയ്യുന്ന സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവാവധി നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവോയായിരുന്നു കോടതിയുടെ നിരീക്ഷണം.
'നിങ്ങള്‍ക്ക് തൊഴിലുടമകളുടെ മാനസികാവസ്‌ഥ അറിയില്ല. അത്തരമൊരു നിയമം ഉണ്ടാക്കിയാല്‍ അവര്‍ സ്‌ത്രീകളെ നിയമിക്കില്ല. തൊഴില്‍ വിപണിയിലെ പ്രായോഗിക യാഥാര്‍ഥ്യങ്ങള്‍ കൂടി നോക്കണം.'-കോടതി പറഞ്ഞു.
2023 ല്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ സര്‍വകലാശാലകളിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എം.ആര്‍. ഷംഷാദ് ചൂണ്ടിക്കാട്ടി. 'ലിംഗനീതിയുള്ള ഒരു സമൂഹം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞിരുന്നു. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.'- ഷംഷാദ് ചൂണ്ടിക്കാട്ടി.എന്നാല്‍, ഇവ സ്വമേധയാ ഉള്ള നടപടികളാണെന്നു ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. 'നിയമപരമായി നിര്‍ബന്ധമാക്കിയാല്‍ ആര്‍ക്കും അവര്‍ക്കു ജോലി നല്‍കില്ല. ആരും അവരെ ജുഡീഷ്യറിയിലോ സര്‍ക്കാര്‍ ജോലികളിലോ എടുക്കില്ല. അവരുടെ കരിയര്‍ അവസാനിച്ചു.'-ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചിരുന്നു. ഭരണഘടനയുടെ 21-ാം അനുച്‌ഛേദം പ്രകാരം പെണ്‍കുട്ടികളുടെയും സ്‌ത്രീകളുടെയും ആരോഗ്യ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു ജസ്‌റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്‌റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.