കോട്ടയം: നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഓണററി ഡോക്‌ടറേറ്റ് നല്‍കാന്‍ എം.ജി. സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.എന്‍. രാധാകൃഷ്‌ണന്‍, നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ എന്നിവര്‍ക്കും ഓണററി ഡോക്‌ടറേറ്റ് നല്‍കും. ഡോ. എന്‍. രാധാകൃഷ്‌ണനു ഡി.എസ്.സിയും മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍ എന്നിവര്‍ക്കു ഡി. ലിറ്റുമാണ് സര്‍വകലാശാല ആസ്‌ഥാനത്തു നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കുക.
ഇന്ത്യന്‍ സിനിമയ്‌ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്‌ക്ക്, നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു മമ്മൂട്ടിക്ക് ഡി ലിറ്റ് നല്‍കുന്നത്. മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്. അഞ്ചു തവണ മികച്ച നടനുള്ള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1998-ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ല്‍ കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിനു ഡോക്‌ടറേറ്റ് നല്‍കിയിരുന്നു.
ഡോ.എന്‍. രാധാകൃഷ്‌ണന്‍ പ്രശസ്‌ത വാസ്‌കുലാര്‍ സര്‍ജനും വീനസ് രോഗങ്ങളുടെ ചികിത്സയില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന വൈദ്യശാസ്‌ത്രജ്‌ഞനുമാണ്. അഞ്ചു ദശാബ്‌ദത്തിലേറെയായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വീനസ് രോഗങ്ങള്‍ക്കായി 50,000-ത്തിലധികം ശസ്‌ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.
ശാസ്‌ത്രീയസംഗീത രംഗത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് തിരുവിഴ ജയശങ്കറിന് ആദരം. 2005 ലെ ഗുരുവായൂര്‍ പുരസ്‌കാരം, 2007 ലെ സംഗീത സമ്പൂര്‍ണ പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം. (2013), ചെമ്പൈ സ്‌മാരക പുരസ്‌കാരം (2021) എന്നിവ നേടിയിട്ടുണ്ട്.