കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) നടപടികളില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹൈന്ദവ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികളിലാണു ദേവസ്വം ബെഞ്ചിന്റെ സുപ്രധാന ഇടപെടല്‍. കേസില്‍ പൊതുബോധത്തിന്റെ അടിസ്‌ഥാനത്തിലുള്ള ആശങ്കകള്‍ കണക്കിലെടുക്കാനാവില്ലെന്നു കോടതി വ്യക്‌തമാക്കി. വിചാരണക്കോടതി ജാമ്യം പരിഗണിക്കുമ്പോള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ല. ആയിരക്കണക്കിനു പേജുകളുള്ള കുറ്റപത്രമല്ല വേണ്ടത്, കൃത്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ്- ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ വിധി പരാമര്‍ശിച്ചു കോടതി ഓര്‍മിപ്പിച്ചു. ശാസ്‌ത്രീയ തെളിവുകള്‍ക്കായി ഉന്നത നിലവാരമുള്ള ലാബുകളിലെ പരിശോധനാ ഫലങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കുറ്റക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണു ലക്ഷ്യമെന്നും കോടതി വ്യക്‌തമാക്കി. ഹര്‍ജികള്‍ ഒരാഴ്‌ചയ്‌ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.