തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്‌ചയില്‍ അഞ്ചാക്കുന്നതു സംബന്ധിച്ച ഫയല്‍ മന്ത്രിസഭായോഗം പരിഗണിച്ചെങ്കിലും അന്തിമതീരുമാനമായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിനു മുമ്പ് ശനിയാഴ്‌ചകള്‍ അവധിയാക്കി ഉത്തരവിറക്കാനാണ് നീക്കം. 15-നുശേഷം എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് വിജ്‌ഞാപനമുണ്ടായേക്കാം.
പ്രവൃത്തിദിവസങ്ങള്‍ അഞ്ചാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില നിബന്ധനകളെ സര്‍വീസ് സംഘടനകള്‍ ശക്‌തമായി എതിര്‍ക്കുന്നു. ജോലിസമയം ഏഴ് മണിക്കൂര്‍ എന്നത് എട്ടര മണിക്കൂറാക്കുക (രാവിലെ 9.15- വൈകിട്ട് 5.45), 20 കാഷ്വല്‍ ലീവുകള്‍ പത്തായി കുറയ്‌ക്കുക, ആര്‍ജിതാവധി 33-ല്‍നിന്ന് മുപ്പതാക്കുക എന്നീ നിര്‍ദേശങ്ങളോടാണ് എതിര്‍പ്പ്. മറ്റ് അവധികള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ പിണക്കിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.