Sunday, March 15, 2026 Last Updated 31 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ്‌ റദ്ദാക്കി

അടൂര്‍: കോണ്‍ഗ്രസ്‌ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര്‌ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ്‌ റദ്ദാക്കി. കാര്‍ഡില്‍ പേര്‌ ചേര്‍ത്തത്‌ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണെന്ന കാര്‍ഡുടമയുടെ മക്കളുടെ പരാതിയിലാണ്‌ നടപടി. കാര്‍ഡുടമയുടെ ഭര്‍തൃസഹോദരിയുടെ മകള്‍ എന്ന നിലയിലാണ്‌ ശ്രീനാദേവിയുടെ പേരു ചേര്‍ത്തതെന്നും എന്നാല്‍ കാര്‍ഡുടമയ്‌ക്ക്‌ ഭര്‍തൃ സഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പരിശോധനകള്‍ക്ക്‌ ശേഷം അടൂര്‍ താലൂക്ക്‌ സപ്ലൈ ഓഫീസറാണ്‌ കാര്‍ഡ്‌ റദ്ദാക്കിയത്‌.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്‌ഥാനാര്‍ഥിയായാണ്‌ ശ്രീനാദേവി പള്ളിക്കല്‍ ഡിവിഷനില്‍നിന്ന്‌ ആദ്യമായി മത്സരിച്ചത്‌ വിജയിച്ചത്‌. കൊല്ലം ജില്ലയില്‍ താമസിക്കുന്ന ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നത്‌ സംബന്ധിച്ച്‌ അന്നു പരാതി ഉയര്‍ന്നിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
ഏറത്തു പഞ്ചായത്തിലെ മണക്കാല കൊല്ലശ്ശേരില്‍ പരേതയായ യശോദയുടെ വീടിന്റെ പേരിലാണ്‌ റേഷന്‍ കാര്‍ഡ്‌ എടുത്തത്‌. ഈ റേഷന്‍ കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ്‌ രേഖകളുമുള്ളത്‌. ഡിസംബറില്‍ എസ്‌.ഐ.ആര്‍. വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ ശ്രീനാദേവിയുടെ പേര്‌ റേഷന്‍ കാര്‍ഡിലുള്ളതായി അറിയാന്‍ കഴിഞ്ഞതെന്നാണ്‌ കാര്‍ഡുടമയുടെ മക്കളില്‍ ഒരാളായ ശ്രീജിത്ത്‌ എസ്‌. പിള്ള പറയുന്നത്‌. ജനുവരി പത്തിനാണ്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്‌.

പരാതിക്കു കാരണം
കുടുംബപ്രശ്‌നങ്ങളെന്ന്‌

കുടുംബ പ്രശ്‌നങ്ങളാണ്‌ പരാതിക്കു കാരണമെന്ന്‌ ശ്രീനാദേവി കുഞ്ഞമ്മ. ' പരാതിക്കാര്‍ അടുത്ത ബന്ധുക്കളാണ്‌. കഴിഞ്ഞ തവണ സി.പി.ഐയ്‌ക്കായി മത്സരിച്ചപ്പോള്‍ ഉള്ള മേല്‍വിലാസമാണ്‌ ഇപ്പോഴുമുള്ളത്‌. റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ഇതേ വിലാസത്തിലായിരുന്നു. 20 വര്‍ഷമായി സി.പി.ഐ. മത്സരിച്ചിരുന്ന സീറ്റ്‌ പിടിച്ചെടുത്തപ്പോഴാണ്‌ അവര്‍ക്കു പ്രശ്‌നമുണ്ടായത്‌. പേര്‌ ഒഴിവാക്കണമെന്ന്‌ താലൂക്ക്‌ സപ്ലൈ ഓഫിസര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാലാണ്‌ കാര്‍ഡ്‌ മൊത്തത്തില്‍ റദ്ദാക്കിയത്‌. ഇതിനു പിന്നില്‍ രാഷ്‌ട്രീയമുണ്ട്‌. പരാതി വ്യാജമാണ്‌. ഞാനും ആ വീടിന്റെ ഉടമസ്‌ഥയാണ്‌.'- ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google