Sunday, March 15, 2026 Last Updated 26 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

രാജിയും സ്വയം സ്‌ഥാനാര്‍ഥി പ്രഖ്യാപനവും; പത്തനംതിട്ടയില്‍ കുഴഞ്ഞുമറിഞ്ഞ്‌ യു.ഡി.എഫ്‌.

പത്തനംതിട്ട: കോണ്‍ഗ്രസില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം വൈകും തോറും പത്തനംതിട്ട ജില്ലയില്‍ സ്വയം പ്രഖ്യാപിതരുടെയും പരാതിക്കാരുടെയും എണ്ണം കൂടുന്നു. അടൂരില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ ബാബു ദിവാകരന്‍ രാജിവച്ചപ്പോള്‍ റാന്നിയില്‍ കെ.പി.സി.സി. അംഗം റെജി താഴമണ്‍ സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ കുറഞ്ഞ വോട്ടില്‍ പരാജയപ്പെട്ട കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാന്‍ തനിക്ക്‌ ഒരവസരംകൂടി നല്‍കണമെന്ന്‌ നേതൃത്വത്തോട്‌ പരസ്യമായി ആവശ്യപ്പെട്ടു. അബിന്‍ വര്‍ക്കി മത്സരിക്കുമെന്ന്‌ കരുതുന്ന ആറന്മുള മണ്ഡലത്തിനായി യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജയ്‌ ഇന്ദുചൂഡന്‍ ഡല്‍ഹിയില്‍ എത്തി കെ.സി. വേണുഗോപാല്‍ അടക്കമുള്ളവരെ കണ്ടു കഴിഞ്ഞു.
ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലും പ്രഖ്യാപിതര്‍ക്ക്‌ അനുകൂലവും പ്രതികൂലവുമായ പോസ്‌റ്ററുകളും ഇതിനിടയില്‍ പ്രത്യക്ഷപ്പെടുകയാണ്‌. ഒന്നിനെയും തടയാന്‍ കഴിയാതെ ഡി.സി.സി. നേതൃത്വവും വെട്ടിലായി.
ഡി.സി.സി. പ്രസിഡന്റ്‌ അടക്കമുള്ളവര്‍ സ്‌ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നവരാണ്‌. അതിനാല്‍ ആരെയും പിണക്കേണ്ടതില്ലെന്ന നിലപാടാണ്‌ നേതാക്കള്‍ക്കുള്ളത്‌.
പുറമെനിന്നുള്ള സ്‌ഥാനാര്‍ഥിയെ ആറന്മുളയില്‍ വേണ്ട, റാന്നിയില്‍ ക്രിസ്‌തീയ വിഭാഗത്തെ അവഗണിക്കുന്നു, കോന്നിയില്‍ അടൂര്‍ പ്രകാശ്‌ മത്സരിക്കണമെന്ന്‌ ശിവഗിരി മഠം, പന്തളം സുധാകരന്‍ അടൂരില്‍ വീണ്ടും രംഗത്ത്‌, തിരുവല്ലസീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണം... അങ്ങനെ നിരവധി ആവശ്യങ്ങളാണു പാര്‍ട്ടി നേതാക്കളില്‍നിന്നും അണികളില്‍നിന്നും ഉയരുന്നത്‌.
ജില്ലയ്‌ക്ക്‌ പുറത്തുനിന്നുള്ള സ്‌ഥാനാര്‍ഥികള്‍ക്കെതിരേ പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ മേല്‍കൈയുള്ള ആറന്മുളയില്‍ അവഗണിച്ചതാണ്‌ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേരിട്ട തോല്‍വിക്ക്‌ കാരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ആറന്മുളയില്‍ സമവായനീക്കമെന്ന നിലയില്‍ അച്ചു ഉമ്മന്റെ പേരും മാര്‍ത്തോമാ സഭാ ട്രസ്‌റ്റിയായ അന്‍സില്‍ സഖറിയ കോമാട്ടിന്റെ പേരും പുതുതായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. തിരുവല്ല സീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്നാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ പി.ജെ. കുര്യന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്‌. ഇവിടെ കുര്യന്‍ തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്‌.
റാന്നിയില്‍ റിങ്കു ചെറിയാനെ തഴയുന്നതില്‍ നേരിട്ടും അല്ലാതെയും പ്രതിഷേധം ഉയരുകയാണ്‌. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പുഴകുളം മധുവിന്റെ പേരാണു റാന്നിയില്‍ നേതൃത്വം പരിഗണിക്കുന്നത്‌. കോണ്‍ഗ്രസ്‌ നേതാവായ ബിജിലി പനവേലിയുടെ മകന്‍ ആരോണ്‍ ബിജിലിയെ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്‌.
കോന്നിയില്‍ അടൂര്‍ പ്രകാശ്‌ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി ശിവഗിരി മഠം തന്നെ രംഗത്തെത്തിയെന്നും പറയുന്നു. എന്നാല്‍ ഡി.സി.സി. പ്രസിഡന്റ്‌ അടക്കമുള്ളവര്‍ ഇവിടേക്ക്‌ പിടിമുറുക്കിയിരിക്കുകയാണ്‌.
അടൂരില്‍ അഡ്വ. ശാന്തകുമാറിന്റെ പേര്‌ പുറത്തുവന്നതോടെയാണ്‌ ബാബു ദിവാകരന്റെ രാജി ഉണ്ടായിരിക്കുന്നത്‌. ഇങ്ങനെ മൊത്തത്തില്‍ കുഴഞ്ഞ്‌ മറിഞ്ഞ അവസ്‌ഥയിലാണ്‌ ജില്ലയിലെ യു.ഡി.എഫ്‌. സീറ്റ്‌ വിഭജനം. കേരള കോണ്‍ഗ്രസുമായി പോലും ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google