Sunday, March 15, 2026 Last Updated 17 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയ്‌ക്ക്‌ പേ വിഷബാധ

എരുമപ്പെട്ടി(തൃശൂര്‍): കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയ്‌ക്ക്‌ പേ വിഷബാധ. നായയെ പിടികൂടി തല്ലികൊന്നെങ്കിലും പിന്നീട്‌ നടന്ന പരിശോധനയില്‍ നായയ്‌ക്ക്‌ പേ വിഷബാധയുള്ളതായി സ്‌ഥിരീകരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട്‌ കൊല്ലന്‍പ്പടിയില്‍ വയോധികയായ കിടപ്പ്‌ രോഗി കിഴക്കേപുരയ്‌ക്കല്‍ കാര്‍ത്ത്യായനിയെയാണ്‌( 84 ) വ്യാഴാഴ്‌ച വൈകിട്ട്‌ ആറോടെ വീടിനകത്ത്‌ കയറി നായ ക്രൂരമായി കടിച്ച്‌ കൊന്നത്‌. ഇവരുടെ മാനസികാസ്വാസ്‌ഥ്യമുള്ള മകന്‍ ദേവദാസനേയും(60) നായ കടിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.
കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത്‌ കയറിയ നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച്‌ മുറിച്ച നിലയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ്‌ വീണ്‌ എല്ലുപൊട്ടിയതിനെത്തുടര്‍ന്ന്‌ കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ്‌ മരുന്ന്‌ കഴിച്ച്‌ വീട്ടിനകത്ത്‌ കിടക്കവേയാണ്‌ നായയുടെ ആക്രമണം. സമീപത്തുള്ള മറ്റൊരു മകന്‍ മണി വൈകിട്ട്‌ ആറരയോടെ ഭക്ഷണവുമായി എത്തിയപ്പോഴാണ്‌ സംഭവം ശ്രദ്ധയില്‍പ്പെട്ടത്‌. എരുമപ്പെട്ടി പോലീസും നാട്ടുക്കാരും ജനപ്രതിനിധികളും ചേര്‍ന്ന്‌ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ്‌ ഇന്നലെ പുലര്‍ച്ചെ ഒന്നോടെ വെള്ളറക്കാട്‌ പള്ളിക്ക്‌ സമീപത്തുനിന്നു നായയെ പിടികൂടി തല്ലി കൊന്നത്‌. തുടര്‍ന്ന്‌ നായയെ മണ്ണൂത്തി വെറ്റിനറി ആശുപത്രിയിലേക്ക്‌ മാറ്റി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതോടെ പേ വിഷബാധയേറ്റതായി തെളിഞ്ഞു. മരണകാരണം വയോധികയുടെ കഴുത്തിന്‌ ആഴത്തില്‍ കടിയേറ്റാതാണെന്നാണ്‌ പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. സംസ്‌കാര ചടങ്ങുകള്‍ക്കും പരുക്കേറ്റവരുടെ തുടര്‍ ചികിത്സക്കും ആവശ്യമായ സഹായം സര്‍ക്കാരും പഞ്ചായത്തും നല്‍കുമെന്നും തെരുവ്‌ നായ്‌ക്കളെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എ.സി. മൊയ്‌തീന്‍ എം. എല്‍.എ. പറഞ്ഞു.
മൃഗത്തോല്‍ ഉപയോഗിച്ച്‌ ചെണ്ട നിര്‍മാണത്തിലേര്‍പ്പെടുന്ന കുടുംബങ്ങള്‍ സമീപത്തുണ്ട്‌. ഇതിനാവശ്യമായ തോല്‍, ഇറച്ചി കളഞ്ഞ്‌ വൃത്തിയാക്കാനായി നായയെ വളര്‍ത്തുന്നത്‌ പതിവാണ്‌. ഇത്തരത്തില്‍ സ്‌ഥിരമായി ഇറച്ചി ലഭിക്കുന്ന നായകൂട്ടത്തിലൊന്നാണ്‌ വയോധികയെ ആക്രമിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google