കണ്ണൂര്‍: അറസ്‌റ്റ് ചെയ്‌ത ഡി.വൈ.എഫ്.ഐ നേതാവിനെ മോചിപ്പിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്ാന്‍ ശ്രമിക്കുകയും ചെയ്‌ത കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിങ്ങോം സഹകരണ ബാങ്ക് ജീവനക്കാരനായ നിധിനാ(28)ണ് അറസ്‌റ്റിലായത്. മറ്റുള്ള പ്രതികള്‍ ഒളിവിലാണ്.
കഴിഞ്ഞ മാസം 25 ന് പെരിങ്ങോം ടൗണില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്‌ബാലിനെ ഏഴംഗ സി.പി.എം. സംഘം മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പെരിങ്ങോം ബ്ലോക്ക് സെക്രട്ടറി പെരളം കൊഴുമ്മലിലെ ചേരാറ്റില്‍ വീട്ടില്‍ സി.വി.വിഷ്‌ണു പ്രസാദി(28)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് രാത്രി 11 മണി കഴിഞ്ഞ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു.
പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ: ടി.കെ മുകുന്ദനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കസ്‌റ്റഡിയിലുണ്ടായിരുന്ന വിഷ്‌ണു പ്രസാദും പോലീസിനെ ആക്രമിച്ചു. എസ്.എച്ച്.ഒ: ചെറുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ സിധിന്‍, നിധിന്‍, രാധാകൃഷ്‌ണന്‍, മനീഷ്, വിഷ്‌ണുപ്രസാദ് എന്നിവരടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തിരിക്കുന്നത്.