കൊച്ചി: തുറമുഖത്ത് അഭയം തേടിയ ഇറാനിയന്‍ നാവിക കപ്പലായ ഐ.ആര്‍.ഐ.എസ്. ലാവനിലെ 183 ജീവനക്കാരെയും ഇന്ത്യ തിരിച്ചയയ്‌ക്കും. സാങ്കേതിക തകരാറിനെത്തുടര്‍ന്നു കഴിഞ്ഞ നാലിനാണു കപ്പല്‍ അടുപ്പിച്ചത്.
വിസാഗില്‍ നടന്ന മിലാന്‍ 2026 നാവിക അഭ്യാസത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണു കപ്പലിനു സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇറാനെതിരേ യു.എസ്.-ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 നാണ് കപ്പല്‍ അടുപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ അനുമതി തേടിയത്. ഇറാനിയന്‍ നാവിക വ്യൂഹത്തിലെ മൂന്നുകപ്പലുകള്‍ക്കാണ് ഇന്ത്യയില്‍ ഡോക്കിംഗ് സൗകര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒന്നിന് ഇന്ത്യ ഇതിന് അനുമതി നല്‍കി. എന്നാല്‍ ഐ.ആര്‍.ഐ.എസ്. ലാവന്‍ മാത്രമാണു കൊച്ചിയില്‍ എത്തിയത്. മറ്റു രണ്ടു കപ്പലുകളില്‍ ഐ.ആര്‍.ഐ.എസ്. ബുഷെഹര്‍ ശ്രീലങ്കയില്‍ അടുപ്പിച്ചപ്പോള്‍, ഐ.ആര്‍.ഐ.എസ്. ദേന രാജ്യാന്തര സമുദ്രപരിധിയില്‍ ആക്രമിക്കപ്പെടുകയും കടലില്‍ താഴുകയും ചെയ്‌തിരുന്നു. ഐ.ആര്‍.ഐ.എസ്. ലാവന്‍ ആദ്യം കൊല്ലം തുറമുഖത്ത് അടുപ്പിക്കാനാണു ശ്രമിച്ചത്. എന്നാല്‍, അവിടെ എമിഗ്രേഷന്‍ സൗകര്യമില്ലാത്തതിനാല്‍, കൊച്ചിയിലോ മുംബൈയിലോ അടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യു.എസ്.- ഇസ്രയേല്‍ നേവിയുടെ ഭീഷണി അതിജീവിച്ച് മുംബൈ വരെ യാത്രചെയ്ുന്നതു ഭാഗ്യപരീക്ഷണമാകുമെന്നു കണ്ടാണു കൊച്ചിയില്‍ കപ്പല്‍ അഭയം തേടിയത്. യുദ്ധകാലത്ത് ഇത്തരത്തില്‍ അഭയം തേടാന്‍ രാജ്യാന്തര വ്യവസ്‌ഥകളുണ്ട്.