ശബരിമല യുവതീപ്രവേശവിഷയത്തില്‍ മലക്കംമറിഞ്ഞ സംസ്‌ഥാനസര്‍ക്കാര്‍, ആചാരം സംരക്ഷിക്കണമെന്ന പുതിയ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിനു മാറ്റമില്ലെന്നും സര്‍ക്കാര്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം.
മുന്‍നിലപാടില്‍ ഉറച്ചുനിന്നാകും പാര്‍ട്ടി മുന്നോട്ടുപോകുകയെന്നു ഗോവിന്ദന്‍ പറഞ്ഞു. യുവതീപ്രവേശം വേണോ വേണ്ടയോ എന്നല്ല സുപ്രീം കോടതിയുടെ ചോദ്യം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക. വിശ്വാസികളുടെ താത്‌പര്യം സര്‍ക്കാര്‍ എക്കാലവും സംരക്ഷിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ചുള്ള നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. മുമ്പ് കൊടുത്ത സത്യവാങ്‌മൂലത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നുള്ള ഭാഗങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഏഴ് ചോദ്യങ്ങള്‍ക്കാണ് കോടതി മറുപടി തേടിയത്. അതില്‍ യുവതീപ്രവേശം സംബന്ധിച്ച ചോദ്യമില്ല. അതുകൊണ്ട് അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല. എല്ലാ മതവിഭാഗങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണഘടനാപരമായ പരിശോധനയാണ് നടക്കുന്നത്. ആചാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത് സര്‍ക്കാരിനോ കോടതിക്കോ അല്ല. അതുമായി ബന്ധപ്പെട്ട് അറിവുള്ളവര്‍ക്കാണ്. അവരുമായി ചര്‍ച്ച നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണമെന്നാണ് പാര്‍ട്ടി നയം. എക്കാലവും വിശ്വാസികളുടെ വികാരം മാനിച്ചാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ല. ഇന്നത്തെ പരിതസ്‌ഥിതിയില്‍ നിന്നുകൊണ്ട്
നിയമപരമായ കാര്യങ്ങളും പരിശോധിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നാണ് നിലപാടെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ഗോവിന്ദന്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഏഴിനു വാദം കേള്‍ക്കും. കക്ഷികള്‍ക്കു നിലപാടറിയിക്കാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരായ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ വാദം സമര്‍പ്പിച്ചു.
സ്‌ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ശബരിമല ഭക്‌തരെ പ്രത്യേകവിഭാഗമായി കണക്കാക്കാനാവില്ലെന്നുമാണ് സംഘടനയുടെ നിലപാട്.
വിധിയും വിവാദവും: നാള്‍വഴികള്‍
2018 സെപ്‌റ്റംബര്‍: എല്ലാ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കു ശബരിമല പ്രവേശം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.
വിധിക്കെതിരേ വ്യാപകപ്രതിഷേധങ്ങളും കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികളും.
2019: ഭരണഘടനാപരമായ ചോദ്യങ്ങള്‍ പരിഗണിക്കാനായി കേസ് വിപുലമായ ബെഞ്ചിനു വിടാന്‍ സുപ്രീം കോടതി തീരുമാനം.
ആചാരം സംരക്ഷിക്കണമെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.
2026: ആചാരം സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ നീക്കം.
2026 ഏപ്രില്‍ 7: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും.