തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള നീക്കം എല്‍.ഡി.എഫും ഏറ്റെടുക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്കു പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടി സൗജന്യയാത്ര അനുവദിക്കുന്ന കാര്യം പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് സൂചനകള്‍.
സി.പി.എം. സംഘടിപ്പിച്ച പഠന കോണ്‍ഗ്രസ്, 'വിഷന്‍-2031' സെമിനാറുകള്‍, ആസൂത്രണ ബോര്‍ഡ് ചര്‍ച്ചകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള കാര്യങ്ങളാണ് എല്‍.ഡി.എഫ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനിരിക്കുന്നത്. ജനുവരി മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ യാത്രാസൗജന്യം ചര്‍ച്ചയായിരുന്നു.
ഇംഗ്‌ളണ്ടിലും മറ്റും 65 വയസ്സുകഴിഞ്ഞ പൗരന്മാര്‍ക്ക് നല്‍കുന്ന സംവിധാനം പോലെ 'ഫ്രീഡം ട്രാവല്‍ പാസ്' എന്ന പേരില്‍ പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും സൗജന്യയാത്ര നല്‍കണമെന്ന ആശയവും ഉയര്‍ന്നു. ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന ഈ നിര്‍ദേശം നടപ്പാക്കാവുന്ന മികച്ച ആശയമാണെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്.
പദ്ധതി സര്‍ക്കാരിന്റെ ശക്തമായ സാമ്പത്തിക പിന്തുണയില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് ഇത് താങ്ങാനാവില്ലെന്നായിരുന്നു നേരമത്ത ഗണേശ്കുമാര്‍ വ്യക്തമാക്കിയത്. സാമൂഹികമായി വലിയ നേട്ടമാണെങ്കിലും, സാമ്പത്തികമായി അത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യമായി ഇത് മാറുകയും കെ.എസ്. ആര്‍.ടി.സി. പൂട്ടേണ്ടി വരുമെന്നും ഗണേശ്കുമാര്‍ പറഞ്ഞിരുന്നു.
അതേസമയം കെ.എസ്.ആര്‍.ടി.സിക്ക് കൃത്യമായ വരുമാന സ്രോതസ്സ് ഉറപ്പാക്കാതെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് സ്ഥാപനത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സൗജന്യയാത്ര വരുമ്പോള്‍ യാത്രക്കാരുടെ എണ്ണം കൂടാനും ആനുപാതികമായി ബസ്സുകളുടെ എണ്ണം കൂട്ടേണ്ടിയും വരും. സ്വകാര്യബസ് മേഖലയ്ക്ക് വലിയ തകര്‍ച്ചയുണ്ടാക്കുമെന്നും വിലയിരുത്തുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന വരുമാനത്തിന്റെ പകുതിയിലധികവും വരുന്നത് സ്ത്രീകളില്‍ നിന്നും മുതിര്‍ന്ന പൗരന്മാരില്‍ നിന്നുമാണ്. ഇവര്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ ടിക്കറ്റ് വരുമാനത്തില്‍ 40% മുതല്‍ 50% വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. ടിക്കറ്റ് വരുമാനം കുറയുമ്പോള്‍ ഇന്ധനത്തിനും അറ്റകുറ്റപ്പണികള്‍ക്കും സര്‍ക്കാരിന്റെ മറ്റ് ഫണ്ടുകളെ ആശ്രയിക്കേണ്ടി വരും.