Sunday, March 15, 2026 Last Updated 0 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 08.31 AM

പ്രതിസന്ധിയില്‍ ആശ്വാസം ; 40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി കപ്പല്‍ ഹോര്‍മുസ് കടന്നു

uploads/news/2026/03/830097/hormuz-sea-way.jpg

ന്യൂഡല്‍ഹി: രാജ്യം വലിയ പാചകവാതക പ്രതിസന്ധിയില്‍ വലയുമ്പോള്‍ ആശ്വാസവാര്‍ത്ത ഹോര്‍മുസ് കടലിടുക്കില്‍ നിന്നും വരുന്നു. ഇന്ത്യയിലേക്ക് എല്‍പിജി വഹിച്ചുള്ള രണ്ടു കപ്പലുകള്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ട് ശിവാലിക് എന്ന് പേരുള്ള ഒരു കപ്പല്‍ പ്രതിസന്ധികൂടാതെ ഹോര്‍മുസ് കടലിടുക്ക് കടന്നതായും എല്‍പിജി വഹിച്ച മറ്റൊരു കപ്പലും ഉടന്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയില്‍ എത്തുമെന്നുമാണ് വിവരം.

രാജ്യത്ത് ഉപഭോഗത്തിനായുള്ള എല്‍.പി.ജി.യുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇറാന്റെ നീക്കം വലിയ ആശ്വാസമാണ്. ഇന്ത്യ-ഇറാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനാകുന്നത്. ഇന്ത്യന്‍ നാവികസേനകപ്പലിന് അകമ്പടി സേവിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്ക് ഇറാന്‍ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

‘‘ഇറാന്‍ ഇന്ത്യയുമായി ഒരു വലിയ സൗഹൃദം നിലനിര്‍ത്തുന്നു. ഇരു രാജ്യങ്ങള്‍ക്കും പൊതുവായ താത്പര്യങ്ങളുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെയും കഷ്ടപ്പാടാണ്. അതിനാല്‍ പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സഹായിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുമുണ്ട്.’’ ഇറാന്‍ അംബാസഡര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയാണ് ഇന്ത്യയുടെ പ്രധാന എല്‍.പി.ജി. സ്രോതസ്സ്. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നീ ഗള്‍ഫ് രാജ്യങ്ങളാണ് പ്രധാന വിതരണക്കാര്‍. ഇവിടങ്ങളില്‍നിന്നുള്ള എല്‍.പി.ജി.യുടെ 90 ശതമാനവും യുദ്ധബാധിതമായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.

2025 - 26 സാമ്പത്തികവര്‍ഷത്തിലെ കഴിഞ്ഞമാസം വരെയുള്ള കണക്കുകള്‍ പ്രകാരം, മൂന്ന് കോടിയിലധികം ടണ്‍ എല്‍.പി.ജി.യാണ് ഇന്ത്യയില്‍ ഉപയോഗിച്ചത്. ഇതില്‍ 1.06 കോടി ടണ്‍ മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചത്. ശേഷിക്കുന്നത് ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു. രാജ്യത്ത് പാചകവാതക ഉപഭോക്താക്കളില്‍ 87-88 ശതമാനം ഗാര്‍ഹിക ഉപഭോക്താക്കളാണ്. 33 കോടിയിലധികം ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. 13 ശതമാനം വരെയാണ് വാണിജ്യ/വ്യവസായ മേഖലയിലെ ഉപഭോഗം.

Ads by Google
Saturday 14 Mar 2026 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google