ന്യൂഡല്‍ഹി: നാട്ടികയില്‍ മത്സരിക്കാനുള്ള എംഎല്‍എ സി.സി. മുകുന്ദന്റെ നീക്കത്തിന് പിന്തുണ നല്‍കാതെ കോണ്‍ഗ്രസ്. നാട്ടികയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്നാണ് സൂചനകള്‍. മുകുന്ദനെ നാട്ടികയില്‍ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസില്‍ തന്നെ നേരത്തേ അതൃപ്തി ഉയര്‍ന്ന സാഹചര്യത്തില്‍ മുകുന്ദന്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ വിവിധ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല.
സിസി മുകുന്ദന്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ഡല്‍ഹിയില്‍ എത്തിയത്. കേരളാഹൗസില്‍ താമസിച്ച ശേഷം കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്നാണ് മറുപടി നല്‍കിയതായിട്ടാണ് സൂചന. സിപിഐ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിസി മുകുന്ദന് നാട്ടികയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണ്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം അനുകൂല നിലപാട് എടുത്തിട്ടില്ല.
മണ്ഡലത്തില്‍ സിസി മുകുന്ദനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വികാരമുണ്ട്. അതിനെ മറികടന്ന് പിന്തുണ നല്‍കുന്നത് തിരിച്ചടിയാകും എന്ന ഭീതി നേതൃത്വത്തിനുമുണ്ട്. ഇതിനിടയില്‍ സിസി മുകുന്ദന്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടി കെ.സി. േവണുഗോപാലിനെ കാണാനുള്ള നീക്കവും നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനായിരുന്നില്ല. കെ.സി. വേണുഗോപാല്‍ വിളിച്ചിട്ടാണ് താന്‍ വന്നതെന്നാണ് മുകുന്ദന്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും അറിയിച്ചത്. നേരത്തേ വലിയ ആരോപണമാണ് മുകുന്ദന്‍ സിപിഐ യ്‌ക്കെതിരേ നടത്തിയത്.