Sunday, March 15, 2026 Last Updated 18 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ചുവട്‌ മാറ്റിയത്‌ ആലപ്പുഴ സി.പി.എമ്മിലെ കരുത്തന്‍

ആലപ്പുഴ: പതിറ്റാണ്ടുകളോളം ആലപ്പുഴയിലെ സി.പി.എമ്മില്‍ അവസാനവാക്കായിരുന്ന ജി.സുധാകരന്റെ ചുവട്‌മാറ്റത്തില്‍ ജില്ലയിലെ പാര്‍ട്ടി നേതൃനിരയിലും ആശയക്കുഴപ്പം. വള്ളികുന്നം സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ലഭിച്ച പാര്‍ട്ടി അംഗത്വമാണ്‌ രക്‌തസാക്ഷി കുടുംബാംഗം കൂടിയായ സുധാകരന്‍ ഉപേക്ഷിച്ചത്‌.
താമരക്കുളം പഞ്ചായത്തിലെ വേടരപ്ലാവിലാണ്‌ സുധാകരന്‍ ജനിച്ചത്‌. 50 സെന്റിലെ കൃഷി മാത്രമായിരുന്നു അഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. പിന്നീട്‌ പുന്നപ്രയിലേക്കു താമസം മാറ്റി. അച്‌ഛന്‍ പി. ഗോപാലക്കുറുപ്പ്‌ നിലത്തെഴുത്തു പഠിപ്പിക്കുമായിരുന്നു. മക്കളുടെ ഫീസ്‌ കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അച്‌ഛന്‍ 20 സെന്റ്‌ സ്‌ഥലം വിറ്റു.
പന്തളം എന്‍.എസ്‌.എസ്‌ കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. ബി.എ. കഴിഞ്ഞ്‌ എം.എ. ഇംീഷിന്‌ കൊല്ലം എസ്‌.എന്‍ കോളജില്‍ ചേര്‍ന്നു. പ്രവര്‍ത്തനം കൊല്ലത്തേക്കു മാറിയതിനാല്‍ നാട്ടിലെ പാര്‍ട്ടി അംഗത്വം അപ്പോഴേക്കും നഷ്‌ടമായി. 1967-ല്‍ കൊല്ലത്തുവെച്ച്‌ വീണ്ടും പാര്‍ട്ടിയംഗമായി.
എം.എ കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ എല്‍.എല്‍.ബി.ക്കു ചേര്‍ന്നു. 1975-ല്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതിനെതിരേ പ്രകടനം നടത്തിയതിന്‌ ജൂലൈ ഒന്നിന്‌ ജയിലിലായി. ഫൈനല്‍ പരീക്ഷ തുടങ്ങുന്ന ദിവസമായിട്ടും അതിനുപോകാതെയാണ്‌ സമരത്തില്‍ പങ്കെടുത്തത്‌. യൂണിവേഴ്‌സിറ്റി കോളജ്‌ വളപ്പില്‍നിന്ന്‌ സുധാകരന്‍ ഉള്‍പ്പടെ 23 വിദ്യാര്‍ഥികള്‍ അറസ്‌റ്റിലായി. അടിയന്തരാവസ്‌ഥയ്‌ക്കെതിരേയുള്ള വിദ്യാര്‍ഥിപ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിച്ചു.
സുധാകരന്‍ ഉള്‍പ്പടെയുള്ളവരെ സെന്‍ട്രല്‍ ജയിലില്‍ കാണാന്‍ ചെന്നവരില്‍ ഇ.എം.എസും എ.കെ.ജി.യുമുണ്ടായിരുന്നു. പരീക്ഷാദിനത്തില്‍ വിദ്യാര്‍ഥി ജയിലിലായത്‌ എ.കെ.ജി. പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഹാള്‍ടിക്കറ്റ്‌ കോടതിയില്‍ കാണിച്ചപ്പോള്‍ അതുവരെ ജയിലില്‍ കഴിഞ്ഞത്‌ ശിക്ഷയായി കണക്കാക്കി വിട്ടയച്ചു. ആ പരീക്ഷ പിന്നീടെഴുതി.കോഴ്‌സ്‌ കഴിഞ്ഞതോടെ പാര്‍ട്ടി നിര്‍ദേശപ്രകാരം നാട്ടിലെത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആദ്യം ആലപ്പുഴ നഗരസഭാ പ്രതിപക്ഷ നേതാവായി. തുടര്‍ന്ന്‌ പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്‌, നാലുതവണ എം.എല്‍.എയായി. അതില്‍ രണ്ടുതവണ മന്ത്രിയായി രാഷ്‌ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. ഗൗരിയമ്മ പുറത്താകുമ്പോഴും ആഞ്ചലോസ്‌ പുറത്തേക്ക്‌ പോകുമ്പോഴും വി.എസ്‌ അച്യുതാനന്ദന്‍ തോല്‍ക്കുമ്പോഴും ജി. സുധാകരന്‍ ആലപ്പുഴയില്‍ കരുത്തനായ നേതാവായിരുന്നു. ജില്ലയില്‍നിന്നുള്ള പല പ്രമുഖ നേതാക്കളും അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ വളര്‍ന്നുവന്നവരാണ്‌. സംശുദ്ധനായ നേതാവ്‌ എന്ന പ്രതിച്‌ഛായയാണ്‌ സുധാകരന്റെ ജനസമ്മതിക്ക്‌ പിന്നില്‍.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google