Sunday, March 15, 2026 Last Updated 19 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

കാട്ടാക്കട ഒരുങ്ങി, ത്രികോണപ്പോരിന്‌

തിരുവനന്തപുരം: യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലം പിടിച്ചെടുത്ത്‌ എല്‍.ഡി.എഫിന്റെ ശക്‌തികേന്ദ്രമാക്കിയ കഥയാണു കാട്ടാക്കടയുടേത്‌. മണ്ഡല പുനര്‍വിഭജനത്തെത്തുടര്‍ന്ന്‌ 2011 ലാണ്‌ കാട്ടാക്കട മണ്ഡലം നിലവില്‍ വന്നത്‌.
ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍. ശക്‌തന്‍ സി.പി.എമ്മിന്റെ എം.വി. ജയഡാളിയെ 12,917 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി. 22,550 വോട്ട്‌ നേടി ബി.ജെ.പിയുടെ പി.കെ. കൃഷ്‌ണദാസും അന്ന്‌ കരുത്തുകാട്ടി. ഡെപ്യൂട്ടി സ്‌പീക്കറും പിന്നീട്‌ സ്‌പീക്കറുമായെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ശക്‌തനു കാലിടറുന്നതാണു കണ്ടത്‌. സി.പി.എമ്മിലെ ഐ.ബി. സതീശ്‌ 849 വോട്ടിന്റെ വ്യത്യാസത്തില്‍ ശക്‌തനെ പരാജയപ്പെടുത്തി.
രണ്ടാം അങ്കത്തിനിറങ്ങിയ ബി.ജെ.പിയുടെ പി.കെ. കൃഷ്‌ണദാസ്‌ വോട്ടുനില മെച്ചപ്പെടുത്തുകയും ചെയ്‌തു. മുന്‍ തെരഞ്ഞെടുപ്പിലെ 22,550 വോട്ട്‌ 38,700 ആയി വര്‍ധിപ്പിച്ചാണ്‌ ബി.ജെ.പി ഇരുമുന്നണികളെയും ഞെട്ടിച്ചത്‌. 2021 ല്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഐ.ബി. സതീശ്‌ കോണ്‍ഗ്രസിലെ മലയിന്‍കീഴ്‌ വേണുഗോപാലിനെ 23,231 വോട്ടിനു കെട്ടുകെട്ടിച്ചു. തുടര്‍ച്ചയായ മൂന്നാം തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിയുടെ പി.കെ. കൃഷ്‌ണദാസിനു പക്ഷേ മുന്‍ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. അദ്ദേഹത്തിന്റെ വോട്ട്‌ 34,542 ആയി കുറഞ്ഞു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥിതി പാടേ മാറി.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കാട്ടാക്കടയില്‍ ഒന്നാമതെത്തിയത്‌ ബി.ജെ.പിയാണ്‌. വി. മുരളീധരന്‌ ഇവിടെ 4,779 വോട്ടിന്റെ മേല്‍ക്കൈ ലഭിച്ചു. കോണ്‍ഗ്രസ്‌ രണ്ടാമതും സി.പി.എം. മൂന്നാമതുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തിയ ജില്ലയിലെ അഞ്ചു നിയമസഭാ മണ്‌ഡലങ്ങളിലൊന്നായി കാട്ടാക്കട. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയചിത്രം പിന്നെയും മാറി. കാട്ടാക്കട മണ്ഡലത്തിലുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ വോട്ടുനില പരിഗണിച്ചാല്‍ എല്‍.ഡി.എഫിന്‌ 7,982 വോട്ടിന്റെ മുന്‍തൂക്കമുണ്ട്‌. യു.ഡി.എഫ്‌ രണ്ടാമതും എന്‍.ഡി.എ മൂന്നാമതുമാണ്‌. യു.ഡി.എഫിനേക്കാള്‍ 1,291 വോട്ടിനു മാത്രം പിന്നിലാണു ബി.ജെ.പി.
സമീപകാലത്ത്‌ പൊതുവേ ഇടതുമേല്‍ക്കൈ കാണിക്കുന്നുണ്ടെങ്കിലും ആരും ജയിക്കാവുന്ന മണ്ഡലമായി മാറുകയാണു കാട്ടാക്കട. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ ബി.ജെ.പിക്കു സാധിക്കുമോയെന്ന ചോദ്യവും പ്രസക്‌തമാണ്‌. ഏതായാലും ഒന്നുറപ്പാണ്‌, കാട്ടാക്കടയെ കാത്തിരിക്കുന്നത്‌ കടുത്ത ത്രികോണ മത്സരമാകും.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും നിലവില്‍ എല്‍എല്‍എയുമായ ഐ.ബി. സതീശാണ്‌ കാട്ടാക്കടയിലെ ഇടതുമുന്നണി സ്‌ഥാനാര്‍ഥി. മണ്ഡലത്തില്‍ അദ്ദേഹത്തിനിത്‌ മൂന്നാമൂഴമാണ്‌. സി.പി.എം ജില്ലാക്കമ്മിറ്റി സംസ്‌ഥാന നേതൃത്വത്തിനു നല്‍കിയ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ സതീശിന്റെ പേര്‌ മാത്രമാണുള്ളത്‌. കഴിഞ്ഞ പത്തുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനപദ്ധതികള്‍ സംസ്‌ഥാനത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌ ഐ.ബിയുടേതല്ലാതെ മറ്റൊരു പേരിനെക്കുറിച്ചും സി.പി.എം ജില്ലാ നേതൃത്വത്തിന്‌ ആലോചിക്കേണ്ടിവന്നില്ല.
പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസാണ്‌ മണ്ഡലത്തിലെ ബി.ജെ.പി സ്‌ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കൃഷ്‌ണദാസ്‌ മണ്‌ഡലത്തില്‍ സജീവമാണ്‌. ഇപ്പോള്‍ ഉത്സവകാലമാണ്‌. ക്ഷേത്രങ്ങളാല്‍ സമ്പന്നമായ മണ്ഡലത്തില്‍ ഭകതജനങ്ങളെ കണ്ട്‌ ബന്ധം പുതുക്കുന്ന തിരക്കിലാണ്‌ ഇപ്പോള്‍ കൃഷ്‌ണദാസ്‌. ഇക്കുറി മത്സരിച്ചാല്‍ തുടര്‍ച്ചയായി നാലാം തവണയാകും അദ്ദേഹം കാട്ടാക്കടയില്‍ ജനവിധി തേടുന്നത്‌. കഴിഞ്ഞതവണ മത്സരിച്ച മലയിന്‍കീഴ്‌ വേണുഗോപാലിന്റെ പേരു തന്നെയാണ്‌ കോണ്‍ഗ്രസ്‌ ക്യാമ്പുകളില്‍ പറഞ്ഞുകേള്‍ക്കുന്നത്‌. മുന്‍ മന്ത്രിയും നിലവില്‍ ഡി.സി.സി പ്രസിഡന്റുമായ എന്‍. ശക്‌തന്റെ പേരും മണ്‌ഡലത്തില്‍ സജീവമാണ്‌. നേരത്തെ ശക്‌തന്‍ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ്‌ കാട്ടാക്കട.

ജി. അരുണ്‍

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google