Saturday, March 14, 2026 Last Updated 13 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 06.38 PM

‘ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് ലാലേട്ടൻ 4 തവണ ഇറങ്ങി വന്നു; എല്ലാവരും കണ്ട് പഠിക്കേണ്ട ഒരു സ്വഭാവമാണ് അദ്ദേഹത്തിന്റേത്...’ ശാലു മേനോൻ

uploads/news/2026/03/829859/1000738178.jpg
Shalu Menon about mohanlal (Image Source : Instagram )

മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരികരംഗത്ത് സാന്നിധ്യമറിയിച്ച കലാകാരനായ അരവിന്ദാക്ഷ മേനോന്റെ പ്രതിഭാശാലിയായ പേരക്കുട്ടി എന്ന മേല്‍വിലാസത്തില്‍ വളർന്ന്, നൃത്തരംഗത്തും സിനിമ സീരിയൽ രംഗത്തും തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരമാണ് ശാലു മേനോൻ. സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം തന്റെ സ്വന്തം നൃത്തവിദ്യാലയത്തിന്റെ പരിപാടികളുമായി വേദികളിലും സജീവമാണ്. പുതുമ നിറഞ്ഞ ഡാന്‍സ് പ്രോഗ്രാമുകളാണ് ശാലു മേ​നോനും ശിഷ്യരും വേദിയിലെത്തിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
കഴിഞ്ഞ വർഷം ശാലു മേനോൻ ചെയ്ത നാഗവല്ലി എന്ന ഡാൻസ് പെർഫോമൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരരാജാവ് മോഹൻലാലായിരുന്നു ഈ പെർഫോമൻസിന്റെ ഇൻട്രോയ്ക്ക് ശബ്ദം നല്‍കിയത്. ഏറെ ശ്രദ്ധ നേടിയ ഒരു ഡാന്‍സ് പ്രോഗ്രാമായി ഒരുപാട് വേദികളില്‍ ഇത് പെര്‍ഫോം ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നാഗവല്ലി ഡാന്‍സ് പ്രോഗ്രാമിനു വേണ്ടി കണ്ടപ്പോള്‍ മോഹന്‍ലാലിനോട് മുമ്പുണ്ടായിരുന്നതിലും ബഹുമാനം കൂടിയെന്ന് പറയുകയാണ് ശാലു മേനോൻ. മോഹന്‍ലാല്‍ ഒരു മടിയും കൂടാതെ രണ്ടുപേജുള്ള നറേഷന്‍ മുഴുവന്‍ ഡബ്ബ് ചെയ്തു തന്നെന്നും തങ്ങളുടെ പ്രോഗ്രാമിന്റെ ഹൈലൈറ്റ് അതായിരുന്നുന്നെന്നും ആ നറേഷന്‍ വലിയ കൈയടി കിട്ടിയെന്നും ശാലു മേനോന്‍ പറയുന്നു.
‘‘കഴിഞ്ഞ വർഷം ഞാൻ ഞാൻ ഡാൻസില്‍ നാഗവല്ലി എന്ന പ്രൊഡക്ഷൻ ചെയ്തു. മണിച്ചിത്രത്താഴിന്റെ ഒറിജിനല്‍ കഥയെടുത്ത് ചെയ്തതാണ്. ഇത്രയൊക്കെ ചെയ്യുമ്പോള്‍ തുടക്കമെങ്കിലും ലാലേട്ടന്റെ വീഡിയോ വേണമെന്ന് തോന്നി. തിരക്കായതു കൊണ്ട് അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു, അതുകൊണ്ട് നറേഷന്‍ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാമെന്ന് വിചാരിച്ചു. ചാേദിച്ച്‌ നോക്കെന്ന് ചേട്ടൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ ലാലേട്ടനെ പോയി കാണുന്നത്. അപ്പോയ്മെന്റ് എടുത്ത് നേരെ കൊച്ചിയില്‍ പോയി. രണ്ടു പേജുള്ള സ്ക്രിപ്റ്റുമായാണ് ചെല്ലുന്നത്. വിറച്ച്‌ കൊണ്ടാണ് ഞാൻ പോകുന്നത്.
കണ്ടപ്പോള്‍ അദ്ദേഹം ഇരിക്കാൻ പറഞ്ഞു. പണ്ട് സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ചപ്പോഴുള്ള അതേ സ്നേഹം. ‘എന്തുണ്ട്, സുഖമാണോ എത്ര വർഷമായെ’ന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. തൊട്ടടുത്ത് ഇരുത്തി. എന്താണ് വന്നതെന്ന് ചോദിച്ചു. ഞാനിങ്ങനെയൊരു സംഭവം ചെയ്യുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. സ്ക്രിപ്റ്റ് കൊടുത്തു. സിനിമയിലേത് പോലെയാണോ എത്ര ഡാൻസേർസ് ഉണ്ട് എന്നെല്ലാം വിശദമായി ചോദിച്ചു. മ്യൂസിക് ശരത്തേട്ടനെക്കൊണ്ട് ചെയ്യിച്ചാലോ എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ശരത്തേട്ടൻ സമ്മതിച്ചു. ശരത്താണോ ചെയ്യുന്നത് എന്നും ലാലേട്ടൻ ചോദിച്ചു. സ്ക്രിപ്റ്റിന്റെ തുടക്കത്തിലുള്ള നറേഷന് ലാലേട്ടന്റെ ശബ്ദം കൊടുക്കാമോ എന്ന് ഞാൻ ചോദിച്ചു.
സ്ക്രിപ്റ്റ് വായിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു, ‘ഒരു കാര്യം ചെയ്യൂ, നിങ്ങള്‍ വിസ്മയയിലേക്ക് വരൂ, ഞാൻ അവിടെയുണ്ടാകും നമുക്ക് അവിടെ വെച്ച് ഇത് ചെയ്യാം’ എന്ന്. പറഞ്ഞ ദിവസം ഞങ്ങൾ അവിടെ ചെന്നു. അദ്ദേഹം മാതൃഭൂമിയുടെ ഒരു പരസ്യത്തിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിയ വിവരം അറിയിച്ച് പുറത്ത് കാത്തുനിന്നു. കുറഞ്ഞത് ഒരു നാല് തവണയെങ്കിലും അദ്ദേഹം പുറത്തേക്ക് ഇറങ്ങി വന്നു.
എന്നെപ്പോലൊരു ചെറിയ കലാകാരിയോട് അദ്ദേഹം ഓരോ തവണയും വന്ന് പറഞ്ഞു, ‘ഇപ്പോൾ കഴിയും കേട്ടോ, ഇപ്പോൾ തീരും, ധൃതിയില്ലല്ലോ’ എന്ന്. ഇത് സത്യത്തിൽ എല്ലാവരും കണ്ട് പഠിക്കേണ്ട ഒരു സ്വഭാവമാണ്. എന്നെപ്പോലെയൊരു ചെറിയ ആര്‍ട്ടിസ്റ്റ് അവിടെ വെയ്റ്റ് ചെയ്യട്ടെ എന്നു കരുതിയാല്‍ പോരെ അദ്ദേഹത്തിന്. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല.
അതിനുശേഷം ഞങ്ങൾ അകത്ത് കയറി. സ്റ്റുഡിയോയിൽ വെച്ച് അദ്ദേഹം എന്നോട് ചോദിച്ചു, ‘ഇത് മതിയോ, ഞാൻ പറയുന്നത് ഓക്കെയാണോ’ എന്ന്. എനിക്ക് വിശ്വസിക്കാനായില്ല, ഇത് സ്വപ്നമാണോ എന്ന് തോന്നിപ്പോയി.
ഡബ്ബിംഗിനിടയിൽ ‘ആലംബള്ളി മേട’ എന്നു തുടങ്ങുന്ന ഒരു വാചകമുണ്ട്. അത് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് കറന്റ് പോയി. അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇത് നാഗവല്ലിയുടെ ദേഷ്യമാണ്’ എന്ന്. ആ നിമിഷങ്ങൾ വളരെ രസകരമായി ഓര്‍ത്തു വയ്ക്കുന്നതാണ്.
ആ രണ്ട് പേജോളം വരുന്ന നറേഷൻ അദ്ദേഹം മുഴുവനായി ചെയ്തു തന്നു. അതായിരുന്നു ഞങ്ങളുടെ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. പ്രോഗ്രാം തുടങ്ങിയപ്പോൾ കർട്ടൻ ഉയരുന്നതിനൊപ്പം ലാലേട്ടന്റെ ശബ്ദവും കേട്ടപ്പോൾ കാണികൾക്കിടയിൽ നിന്നുണ്ടായ ആ വലിയ കൈയടി ഒരിക്കലും മറക്കാൻ കഴിയില്ല...’’ ശാലു മേനോന്‍ പറയുന്നു.

Ads by Google
Thursday 12 Mar 2026 06.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google