മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. ബോളിവുഡിലും അദ്ദേഹം സജീവമാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ബോളിവുഡ് കോമഡി ചിത്രമായിരുന്നു ഡോള്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്‍ ഹരിഹര്‍ നഗറിന്റെ ഹിന്ദി റീമേക്കാണിത്. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു. എന്നാല്‍ തിയേറ്ററില്‍ പരാജയപ്പെട്ട ആ ചിത്രം ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്ക് ഇഷ്ടമാണെന്നും മത്സരത്തിന് മുമ്പ് റിലാക്സ് ആകാന്‍ അദ്ദേഹം അത് കാണാറുണ്ടെന്നും പറയുകയാണ് പ്രിയദര്‍ശന്‍. ഖട്ടാ മീട്ട എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
''എനിക്ക് ആ രണ്ട് സിനിമകളും ഏറെ ഇഷ്ടമാണ്. പക്ഷെ രണ്ടും തിയേറ്ററില്‍ വര്‍ക്കായില്ല. ഒടിടി വന്നതോടെ ആളുകള്‍ ആ സിനിമകള്‍ കാണാന്‍ തുടങ്ങി. ഡോള്‍ ചെയ്തപ്പോള്‍ നന്നായി വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരാട് കോഹ്ലിയെ പോലുള്ളവര്‍ ആ സിനിമ ഇഷ്ടമാണെന്നും മത്സരത്തിന് മുമ്പ് റിലാക്സ് ആകാന്‍ കാണാറുണ്ടെന്നും പറയുമ്പോള്‍ സന്തോഷം തോന്നുന്നു'' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
''ബോളിവുഡിന്റെ കാര്യത്തില്‍ എനിക്ക് എതിര്‍പ്പുള്ളൊരു കാര്യം, ആ സമയത്തെങ്കിലും, വലിയ താരമില്ലാതെ നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കില്ല. പിന്നീടായിരിക്കും അംഗീരിക്കപ്പെടുക. അത് സങ്കടപ്പെടുത്തുന്നതാണ്. ഡോള്‍ ഇന്നൊരു കള്‍ട്ട് ചിത്രമാണ്'' എന്നും പ്രിയദര്‍ശന്‍ പറയുന്നു.