കൊച്ചി: കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേരളത്തില്‍ എയിംസ് വേണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. കേരളത്തില്‍ എയിംസിന്റെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്‌ഥലമാണെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് കേരളത്തില്‍ എയിംസ് വൈകുന്നുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും കേന്ദ്രം മറുപടി നല്‍കി. 22 പുതിയ എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നല്‍കി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തെങ്കില്‍ മാത്രമേ സാധ്യതാ പഠനം നടത്താനാകൂവെന്നും സത്യവാങ്‌മൂലം നല്‍കി. എയിംസിനായി സംസ്‌ഥാന സര്‍ക്കാര്‍ 10 വര്‍ഷമായി ഒന്നും ചെയ്‌തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക വാദിച്ചു. 2016 ല്‍ കേന്ദ്രം പദ്ധതി മുന്നോട്ട് വെച്ചുവെന്നും എന്നാല്‍, അതിനുശേഷം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും കേന്ദ്രം വാദിച്ചു. അതേസമയം, കേന്ദ്ര വാദം സംസ്‌ഥാനം തള്ളി. സ്‌ഥലം കണ്ടെത്തി നല്‍കിയിരുന്നുവെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതാണെന്നും സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്‌ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി പുതിയതായി അനുവദിച്ച 22 എയിംസുകള്‍ക്കും സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ഹര്‍ജി അടുത്ത ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.