കൊച്ചി: സംസ്‌ഥാനത്ത് 10,800 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലായിരുന്നു വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ശിലാസ്‌ഥാപനവും.
കേരളത്തിന്റെ വികസനത്തിനു വേഗം കൈവരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി ഊര്‍ജസ്വലതയുള്ള നഗരമാണ്. ഇവിടെ നിന്നുകൊണ്ട് കോടാനുകോടി രൂപയുടെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചതിനു നന്ദി പറയുന്നു. അടിസ്‌ഥാനസൗകര്യങ്ങള്‍ക്കായുള്ള ഓരോ രൂപയും കൃത്യമായി ചെലവഴിക്കും. വിവിധ പദ്ധതികളിലൂടെ ആയിരക്കണക്കിനു തൊഴിലവസരങ്ങളുണ്ടാകുന്നത് വികസിതകേരളമെന്ന ലക്ഷ്യത്തിലേക്ക് നയിക്കും.
പുതിയ സാഹചര്യത്തില്‍ പെട്രോളിയം മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നു ബി.പി.സി.എല്‍. കൊച്ചി പ്ലാന്റിലെ പോളി പ്ര?പ്പിലീന്‍ യൂണിറ്റിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. 5500 കോടിയാണ് പദ്ധതിച്ചെലവ്. പ്രതിവര്‍ഷം നാലുലക്ഷം ടണ്‍ ഉത്‌പാദനശേഷി. ഓട്ടോമൊബീല്‍, മെഡിസിന്‍, പാക്കേജിങ് തുടങ്ങി വിവിധ മേഖലകളില്‍ ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് മോദി പറഞ്ഞു.
സെമി കണ്ടക്‌ടര്‍, എ.ഐ. മേഖലകളില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. സൗരോര്‍ജ ഉപയോഗത്തില്‍ ലോകത്തുതന്നെ മുന്‍നിരയിലാണ് ഇന്ത്യ.
കേരളവും അതില്‍ മുന്നേറണം. അതിന്റെ ഭാഗമായാണ് 50 മെഗാവാട്ട് ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതിക്കു പടിഞ്ഞാറേ കല്ലടയില്‍ തുടക്കമിടുന്നത്. 260 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
90 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഷൊര്‍ണൂര്‍- നിലമ്പൂര്‍ റോഡ് റെയില്‍വേ ലൈന്‍ വൈദ്യുതീകരണം പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു. പാലക്കാട്-പൊള്ളാച്ചി ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. 2656 കോടി രൂപ ചെലവില്‍ ദേശീയപാത 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറുവരിപ്പാത, 23 പി.എം.എസ്.ജി.വൈ. റോഡുകള്‍, നവീകരിച്ച ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജങ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവയുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ഹൈബി ഈഡന്‍ എം.പി, ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.