തിരുവനന്തപുരം: വിവാഹം സ്വര്‍ഗത്തില്‍ നടക്കുമെന്നു പണ്ടെങ്ങോ വായിച്ചിരുന്നതായി മൊണാലിസ ഓര്‍മിച്ചടുത്തത് ഇന്നലെയാണ്. അതും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ വച്ച്. വായിച്ചതു സത്യമായതിന്റെ സന്തോഷത്തിലായിരുന്നു പ്രയാഗ്‌രാജ് കുംഭമേളയിലൂടെ താരമായിത്തീര്‍ന്ന മൊണാലിസ.
കുംഭമേളയ്‌ക്കിടയില്‍ ആരോ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മൊണാലിസയെ ലോകം ശ്രദ്ധിച്ചത്. പിന്നീട് സിനിമാതാരമായ അവര്‍ കാമുകന്‍ മുഹമ്മദ് ഫര്‍മാനെ ഇന്നലെ ജീവിതത്തിലേക്കു ചേര്‍ത്തു. മാംഗല്യച്ചടങ്ങിനു വേദിയായതാകട്ടെ, കേരള തലസ്‌ഥാനവും. ജന്മനാട്ടില്‍ നിന്നും വീട്ടുകാരില്‍നിന്നും പ്രണയത്തിനു കടുത്ത എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍ സുരക്ഷിതമായ ഇടമെന്ന നിലയിലാണ് ഇരുവരും കേരളം തെരഞ്ഞെടുത്തത്. തിരുവനന്തപുരം അരുമാനൂര്‍ നയിനാര്‍ ശ്രീനാരായണ ഗുരുക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവരും മാല ചാര്‍ത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണാലിസ. ഒന്നര വര്‍ഷമായി മഹാരാഷ്‌ട്ര സ്വദേശി ഫര്‍മാന്‍ ഖാനുമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഫെയ്‌സ്‌ബുക്ക് വഴിയുള്ള സൗഹൃദമാണ് ഇരുവരെയും അടുപ്പിച്ചത്. എന്നാല്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ ശക്‌തമായി എതിര്‍ത്തു. മറ്റൊരാളുമായി മൊണാലിസയ്‌ക്കു വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. പക്ഷേ പ്രണയത്തില്‍നിന്നു പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്ന് മറ്റ് സംസ്‌ഥാനങ്ങളില്‍ സംരക്ഷണം ലഭിക്കില്ലെന്നു ഭയന്ന് ഇവര്‍ കേരളത്തെ ആശ്രയിക്കുകയായിരുന്നു.
പൂവാറില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനെത്തിയ മൊണാലിസ കാമുകനൊപ്പം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. സ്വന്തം ഇഷ്‌ടപ്രകാരം ഫര്‍മാനോടൊത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ പോലീസിനെ അറിയിച്ചു. ഗുരുദര്‍ശനങ്ങളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് അരുമാനൂര്‍ ക്ഷേത്രം വിവാഹത്തിനു തെരഞ്ഞെടുത്തത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെ ന്ന ഗുരുവിന്റെ സന്ദേശം മുറുകെപ്പിടിച്ചാണു പുതിയ ജീവിതം തുടങ്ങുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി, സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എ.എ. റഹീം എം.പി എന്നിവരുള്‍പ്പെടെ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വിവിധ മതങ്ങളുടെ സത്ത മനുഷ്യത്വമാണെന്നും അതിനു വില നല്‍കുന്ന കേരളത്തിന്റെ നിലപാടാണ് ഈ വിവാഹത്തിലൂടെ വ്യക്‌തമാകുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിവാഹത്തിനു ശേഷം കേരളം നല്‍കിയ സ്‌നേഹത്തിനും സുരക്ഷയ്‌ക്കും ദമ്പതികള്‍ നന്ദി അറിയിച്ചു.
ജി. അരുണ്‍