കോട്ടയം: യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി നില്‍ക്കെ പ്രശ്‌നപരിഹാരത്തിനു ജോസഫ് വിഭാഗം രണ്ടു സീറ്റ് വിട്ടുനല്‍കും. വിട്ടുകിട്ടുന്ന സീറ്റുകളില്‍ ധാരണയാകാന്‍ കോണ്‍ഗ്രസിനു കഴിയാതായതോടെ സീറ്റ് വിഭജനം വീണ്ടും കീറാമുട്ടിയായി.
കഴിഞ്ഞ തവണ ജോസഫ് വിഭാഗം പത്തു സീറ്റിലാണു മത്സരിച്ചത്. ഇത്തവണ ഇത് ആറു സീറ്റായി കുറയ്‌ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, പരമാവധി രണ്ടു സീറ്റില്‍ വിട്ടുവീഴ്‌ച ചെയ്യാമെന്നു കേരള കോണ്‍ഗ്രസ് നേതൃത്വം, കോണ്‍ഗ്രസ് നേതൃത്വത്തെ അനൗപചാരകമായി അറിയിച്ചതായാണ് അറിയുന്നത്. ഏറ്റുമാനൂര്‍ സീറ്റും തൃക്കരിപ്പൂര്‍ സീറ്റും വിട്ടുനല്‍കാമെന്നാണു ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചത്.
ഇടുക്കി, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകള്‍ വേണമെന്നാണു കോണ്‍ഗ്രസിന്റെ ആവശ്യം. ഇടുക്കി സീറ്റിനു വേണ്ടി പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും കുട്ടനാട് സീറ്റിന് വേണ്ടി കെ.സി. വേണുഗോപാലും ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി രമേശ് ചെന്നിത്തലയുമാണ് പിടിമുറുക്കിയിരിക്കുന്നത്.
ഈ മൂന്നു സീറ്റില്‍ വിട്ടുവീഴ്‌ച വേണ്ടന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടെ തൃക്കരിപ്പൂര്‍ സീറ്റും പുനലൂര്‍ സീറ്റും വെച്ചുമാറുന്നതു സംബന്ധിച്ച് ജോസഫ് വിഭാഗവും മുസ്ലിം ലീഗ് നേതൃത്വവും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കെ.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ് റോയി ഉമ്മനെ പുനലൂരില്‍ മത്സരിപ്പിക്കാനാണു പാര്‍ട്ടിയുടെ ആലോചന.
അങ്ങനെ വന്നാല്‍ തൃക്കരിപ്പൂരിനു പകരമായി ഇടുക്കിയോ കുട്ടനാടോ ഏതെങ്കിലും ഒന്നു വിട്ടുനല്‍കാന്‍ ജോസഫ് വിഭാഗം തയറാകും. എന്നാല്‍, രണ്ട് സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ തയാറായാല്‍ പകരം ഒരു സീറ്റ് വേണമെന്നാണു ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.
കോട്ടയത്തുനിന്നും ഇടുക്കിയില്‍നിന്നുമാണു ജോസഫിന് ഓരോ സീറ്റ് കുറയുന്നത്. പകരം പത്തനംതിട്ട ജില്ലയില്‍ ഒരു സീറ്റ് അധികമായി ലഭിക്കണമെന്നതാണു ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് തോറ്റ റാന്നി സീറ്റാണു ജോസഫ് വിഭാഗം ലക്ഷ്യമാക്കുന്നത്. സീറ്റ് കിട്ടിയാല്‍ ജോസഫ് എം. പുതുശേരിയെ റാന്നി സീറ്റില്‍ മത്സരിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
കോണ്‍ഗ്രസ് ഏകപക്ഷീയമായി സീറ്റുകള്‍ തിരച്ചുപിടിക്കുന്നതില്‍ ജോസഫ് വിഭാഗത്തിനു കടുത്ത അതൃപ്‌തിയുണ്ട്. ഇതിനിടെ ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കണേെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കത്തയച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ലഭിക്കുമെന്ന് ഉറപ്പുള്ള തൊടുപുഴയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. ചങ്ങനാശേരിയില്‍ വിനു ജോബിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായാല്‍ മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ.
തൊടുപുഴ, കടുത്തുരുത്തി എന്നീ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ കുട്ടനാട്, ഏറ്റുമാനൂര്‍, ഇരിങ്ങാലക്കുട, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്‍, ചങ്ങനാശേരി, ഇടുക്കി എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ചത്.
ഷാലു മാത്യു