കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ.) ഫണ്ട് തട്ടിപ്പു കേസില്‍ ജാസ്‌മിന്‍ ഷായുടെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഭാര്യ ഷബ്‌ന, യു.എന്‍.എയുടെ മറ്റു ഭാരവാഹികള്‍ എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലുള്ള ഭൂമിയും ഫ്‌ളാറ്റുമാണ് കണ്ടുകെട്ടിയത്. 2017-2019 ല്‍ യു.എന്‍.എ. ദേശീയ അധ്യക്ഷനായിരുന്ന ജാസ്‌മിന്‍ ഷാ മറ്റു ഭാരവാഹികളുമായി ചേര്‍ന്നു നടത്തിയ തട്ടിപ്പിന്റെ പേരിലാണ് നടപടി. നഴ്‌സുമാരില്‍നിന്നു പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റു ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തല്‍. ൈക്രംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെയും തൃശൂര്‍ സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്‌ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നും ഇ.ഡി. വ്യക്‌തമാക്കി.