കൊച്ചി: പുതിയ മദ്യത്തിനു പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള മത്സരം ഉപേക്ഷിച്ചു. സര്‍ക്കാര്‍ സ്‌ഥാപനമായ മലബാര്‍ ഡിസ്‌റ്റിലറീസ് ലിമിറ്റഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വിദേശമദ്യ ചട്ടപ്രകാരം ഓരോ ബ്രാന്‍ഡിനും സ്വന്തമായി പേര് രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും പേര് തെരഞ്ഞെടുക്കുന്നതിലെ സുതാര്യത ഉറപ്പാക്കാനാണു ജനങ്ങളുടെ നിര്‍ദേശം തേടിയതെന്നുമാണ് മലബാര്‍ ഡിസ്‌റ്റിലറീസിന്റെ വിശദീകരണം. പൊതുജനങ്ങളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളൊന്നും സ്വീകരിക്കാതെ, കമ്പനി സ്വന്തം നിലയില്‍ മദ്യത്തിനു പേര് കണ്ടെത്തിയതായും മത്സരത്തിനു വാര്‍ത്താക്കുറിപ്പ് മാത്രമാണു നല്‍കിയതെന്നും ഡിസ്‌റ്റിലറീസ് അറിയിച്ചു. മദ്യത്തിനു പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ നേരത്തെ ബെവ്‌കോയ്‌ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ബെവ്‌കോയുടെ മത്സരപദ്ധതി പിന്നീട് സ്‌റ്റേ ചെയ്‌തു. മത്സരത്തില്‍ വ്യാപകം വിമര്‍ശനമുയര്‍ന്നതോടെ തങ്ങളല്ല പദ്ധതിക്കു പിന്നിലെന്നു വ്യക്‌തമാക്കി ഹൈക്കോടതിയില്‍ ബെവ്‌കോ സത്യവാങ്‌മൂലം നല്‍കിയിരുന്നു. പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുന്നതായി കാണിച്ച് എം.ഡി മലബാര്‍ ഡിസ്‌റ്റലറീസ് പത്രക്കുറിപ്പിറക്കിയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മദ്യത്തിന്റേയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സര്‍ക്കാര്‍ അതിനു കൂട്ടു നില്‍ക്കുകയാണെന്നും പ്രോത്സാഹനം നല്‍കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.