Sunday, March 15, 2026 Last Updated 18 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന്‌ വിവിധ പദ്ധതികള്‍ നടപ്പാക്കി: മോദി

കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ചുവെന്നും സംസ്‌ഥാനത്തിന്റെ മത്സ്യമേഖലയ്‌ക്കായി 1400 കോടി രൂപയാണ്‌ കേന്ദ്രം നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാരണത്താലാണ്‌ കേരളത്തില്‍ മത്സ്യമേഖല വളരുന്നത്‌. ഉപഗ്രഹ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്നവരെ ഓര്‍ത്ത്‌ വീടുകളില്‍ ആശങ്കയായിരുന്നു. ഇപ്പോള്‍ സ്‌ഥിതി മാറിയെന്നും മോദി പറഞ്ഞു. അഖിലകേരള ധീവര സഭയുടെ സുവര്‍ണ ജൂബിലി ആഘോഷം കൊച്ചി മറൈന്‍ ൈഡ്രവില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ ശാക്‌തീകരിക്കാന്‍ വിവിധ പദ്ധതികളാണ്‌ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത്‌. സംസ്‌ഥാനത്തെ ഫിഷിങ്‌ ഹാര്‍ബറുകള്‍ മികവുറ്റതാക്കി. മുതലപ്പൊഴി ഹാര്‍ബര്‍ 177 കോടി രൂപ മുടക്കി വികസിപ്പിച്ചു. അതിനുപുറമേ ആറ്‌ ഹാര്‍ബറുകള്‍ കൂടി നവീകരണ പാതയിലാണ്‌. കടല്‍പ്പായല്‍ വികസനത്തിന്‌ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതു കൂടുതല്‍ വരുമാനം കൊണ്ടുവരും. ആധുനിക മത്സ്യബന്ധന രീതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്‌- മോദി പറഞ്ഞു.
മറ്റുള്ളവര്‍ നദികളെയും സമുദ്രത്തെയും വിഭവമായി മാത്രം കാണുമ്പോള്‍ ധീവരസഭ അവയെ അമ്മയായി കാണുന്നു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്റെ മണ്ണാണെന്നും പണ്ഡിറ്റ്‌ കറുപ്പന്‍ ഈ മണ്ണില്‍ നിന്നാണ്‌ അവകാശത്തിനായി പോരാട്ടം കുറിച്ചതെന്നും മോദി ഓര്‍മിപ്പിച്ചു. അതോടൊപ്പം മാതാ അമൃതാനന്ദമയി ദേവിയും നിസ്വാര്‍ഥ സേവനത്തിന്റെ അത്ഭുതമാണെന്നും മോദി പറഞ്ഞു. സമുദ്രം സംരക്ഷിക്കാന്‍ മുന്നണിപ്പോരാളികളായി ധീവര സഭാംഗങ്ങള്‍ എന്നും മുന്നിലുണ്ട്‌. കേരളം പ്രളയത്തിലാണ്ടുപോയപ്പോള്‍ രക്ഷാദൗത്യവുമായി എത്തിയ സമുദായാംഗങ്ങളുടെ സേവനം ലോകം കണ്ടറിഞ്ഞാതണെന്നും അതാരും മറക്കുകയില്ലെന്നും മോദി പറഞ്ഞു.
'കടലിന്റെ മക്കള്‍ക്ക്‌ നമസ്‌കാരം' എന്നു മലയാളത്തില്‍ പറഞ്ഞാണ്‌ പ്രസംഗം ആരംഭിച്ചത്‌. കഴിഞ്ഞ അമ്പതു വര്‍ഷമായി മത്സ്യത്തൊഴിലാളികളുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ്‌ ധീവരസഭ. സ്വാഗത പ്രസംഗത്തില്‍ ധീവര സഭാ നേതാവും മുന്‍ എം.എല്‍.എയുമായ വി. ദിനകരന്‍, പ്രധാനമന്ത്രി മോദി എത്തിയത്‌ തങ്ങള്‍ക്ക്‌ അനുഗ്രഹമാണെന്നു സൂചിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ വെറും ജനസേവകനും ഇവിടെ കൂടിയിരിക്കുന്ന ആയിരങ്ങളെ അനുഗ്രഹിക്കാനല്ല, മറിച്ച്‌ അവരുടെ അനുഗ്രഹം തേടാനാണ്‌ എത്തിയതെന്നും മോദി പറഞ്ഞത്‌ വലിയ കരഘോഷത്തോടെയാണ്‌ സഭാംഗങ്ങള്‍ വരവേറ്റത്‌. കേരള എന്ന പേര്‌ കേരളം എന്നു മാറ്റിയത്‌ എന്‍.ഡി.എ. സര്‍ക്കാരാണ്‌. അതിന്റെ സന്തോഷം ഇവിടെ വന്നപ്പോള്‍ ആളുകളുടെ മുഖത്തു കാണാനായി എന്നും മോദി പറഞ്ഞു.
അഖിലകേരള ധീവര സഭ 50 വര്‍ഷം പിന്നിടുന്ന ഐതിഹാസികമായ ഈ വേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന്‌ മോദി പറഞ്ഞു. സഭ അതിന്റെ പൈതൃകം സംരക്ഷിക്കണം. ധീവരസഭയുടെ പൈതൃകം വേദവ്യാസനുമായി ചേര്‍ന്നു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധീവര സഭാ പ്രസിഡന്റ്‌ എം.വി. വാരിജാക്ഷന്‍ പ്രധാനമന്ത്രിയെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പുന്തുറ ശ്രീകുമാര്‍ വി. ദിനകരന്‍ എന്നിവര്‍ ചേര്‍ന്ന്‌ ധീവര സഭയുടെ പരമ്പരാഗതമായ ഉപഹാരമായ 'മത്സ്യാവതാരം' ശില്‍പം പ്രധാനമന്ത്രിക്കു സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ സ്വാഗതം പറഞ്ഞു.
കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യന്‍, ഹൈബി ഈഡന്‍ എം.പി, മേയര്‍ വി.കെ. മിനിമോള്‍, ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, ടി.ജെ. വിനോദ്‌ എം.എല്‍.എ. എന്നിവരും സംബന്ധിച്ചു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google