Sunday, March 15, 2026 Last Updated 21 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 08.07 AM

പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു ; രാജ്യം എല്‍.പി.ജി. ക്ഷാമത്തിലേക്ക് ; പരിഹരിക്കാന്‍ ശ്രമവുമായി കേന്ദ്രം

uploads/news/2026/03/829539/gas.jpg

ന്യൂഡല്‍ഹി: യുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ രാജ്യം പാചകവാതക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

പാചകവാതകം വലിയ രീതിയില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുത്താനും കുറഞ്ഞ ഇന്ധന ഉപയോഗം വരുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും മെനുവില്‍ ഐറ്റത്തിന്റെ എണ്ണം കുറയ്ക്കാനും നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനം ലാഭിക്കത്തക്ക വിധത്തില്‍ പാചകരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും പാചകവാതകത്തിന് പകരം വൈദ്യൂതിയെ ആശ്രയിക്കുന്ന രീതിക്ക് മൂന്‍ഗണന നല്‍കാനും ഉപയോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്താനുമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങല്‍ ഭക്ഷണശാലകള്‍ വന്‍ പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം എല്‍പിജി ഉത്പാദനം കൂട്ടാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഹോട്ടലുമടകളുമായി എണ്ണക്കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്താനും തീരുമാനമുണ്ട്. എല്‍പിജി പൂഴ്ത്തിവയ്പ്പ് തടയാന്‍ അവശ്യവസ്തു നിയമ പ്രകാരം കേന്ദ്രം പ്രതേയക വിജ്ഞാപനവുമിറക്കി.

പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വ്യക്തമാക്കിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെങ്കിലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാതകത്തില്‍ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. വിതരണം കാര്യക്ഷമമാക്കും, ഊര്‍ജ ലഭ്യതയില്‍ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

എല്‍പിജി സിലിണ്ടറിന്റെ പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയാനും, ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് വിതരണം കാര്യക്ഷമമാക്കാനുമാണ് അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ എല്‍പിജിയെ കൊണ്ടുവരുന്നത്. പാചക വാതകത്തിന്റെ വിതരണം നിരീക്ഷിക്കാന്‍ പൊതുമേഖല എണ്ണ കമ്പനികളുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തലത്തിലുള്ള പ്രതിനിധികളെ അംഗങ്ങളാക്കി മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പല എണ്ണ കപ്പലുകളും നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുകയാണ്. ഈ കപ്പലുകളെ ഇന്ത്യയിലേക്ക് സുരക്ഷിതമായി കൊണ്ടുവരാനും, അതിനായി നാവിക സേനയുടെ സുരക്ഷ ഏര്‍പ്പെടുത്താനുമുള്ള ആലോചനയും കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Ads by Google
Wednesday 11 Mar 2026 08.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google