Sunday, March 15, 2026 Last Updated 34 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.35 PM

മാപ്പ്‌...: മമ്മൂട്ടിയോടു മാപ്പുചോദിച്ച്‌ മുഖ്യമന്ത്രി

uploads/news/2026/03/829309/k3.jpg

തിരുവനന്തപുരം: വയനാട്‌ ടൗണ്‍ഷിപ്‌ വിവാദത്തില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടന്‍ മമ്മൂട്ടിയോടു ക്ഷമചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍.
മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതു ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും ക്ഷണിക്കാതെ അവിടെയെത്തിയവരില്‍ ഒരാളാണു മമ്മൂട്ടിയെന്നും അദ്ദേഹത്തിനു വിഷമമുണ്ടായതില്‍ പരസ്യമായി ക്ഷമചോദിക്കുന്നെന്നും തിരുവനന്തപുരത്തു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി.
'മമ്മൂട്ടി ആരെയും അറിയിച്ചല്ല അവിടം സന്ദര്‍ശിച്ചത്‌. അദ്ദേഹത്തിന്‌ അവിടെ എത്തണമെന്നു തോന്നി. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്‌ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്‌തികളില്‍ പ്രധാനിയായ ഒരാളാണ്‌ മമ്മൂട്ടി. ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ആളുമാണ്‌ അദ്ദേഹം. ചെന്നൈയില്‍നിന്നു പുലര്‍ച്ചെ കോഴിക്കോട്ടെത്തി അവിടെനിന്നു വയനാട്ടിലേക്കു പോകുകയായിരുന്നു. ടൗണ്‍ഷിപ്‌ കാണാനുള്ള നല്ല മനസോടെയാണ്‌ അദ്ദേഹം അവിടെയെത്തിയത്‌. വീടുകള്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ അവിടെ ഉണ്ടായിരുന്നവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
അവിടെ കാര്യങ്ങളില്‍ നല്ല നിലയ്‌ക്ക്‌ ഇടപെടുന്ന ആളാണ്‌ സി.പി.എം. ജില്ലാ സെക്രട്ടറി റഫീഖ്‌. റഫീഖും മമ്മൂട്ടിയുടെ കൂടെപ്പോയി. ആരെയും അറിയിച്ചുകൊണ്ടല്ല യാത്ര എന്നതിനാല്‍ സ്വാഭാവികമായാണ്‌ റഫീഖിനോട്‌, നിങ്ങള്‍ ക്ഷണിച്ചിട്ടല്ല ഞാന്‍ വന്നതെന്നും നിങ്ങള്‍ എപ്പോഴും എന്റെ കൂടെ നടന്നാല്‍ അങ്ങനെ ചിത്രീകരിക്കപ്പെടില്ലേ എന്നും പറഞ്ഞത്‌.
കേരളത്തില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്ന നിലയുണ്ട്‌. അതിന്‌ അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടതുണ്ടോ എന്നാവും മമ്മൂട്ടി ഉദ്ദേശിച്ചിട്ടുണ്ടാകുക. തീര്‍ത്തും വ്യക്‌തിപരമായി പറഞ്ഞ കാര്യമാണത്‌.
ക്യാമറയുടെ മുന്നില്‍ പറഞ്ഞതല്ല. പക്ഷേ, നമ്മുടെ നാട്ടില്‍ ക്യാമറ ശരീരത്തില്‍ വച്ചു നടക്കുന്ന നിരവധി ആളുകളുണ്ട്‌.
അതുവഴിയാണ്‌ മമ്മൂട്ടി പറഞ്ഞതു പുറത്തുവന്നത്‌. ചിലര്‍ അതു വലിയ വിവാദമാക്കി. ജില്ലാ സെക്രട്ടറിയെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നിങ്ങനെയാണ്‌ പ്രചരിച്ചത്‌. ഇതോടെയാണ്‌ സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള ആക്രമണമുണ്ടായത്‌. അതു തികച്ചും ദൗര്‍ഭാഗ്യകരമാണ്‌. അദ്ദേഹത്തിനു വിഷമമുണ്ടായതില്‍ പരസ്യമായി ക്ഷമചോദിക്കുന്നു' -മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Monday 09 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google