കോട്ടയം : യുദ്ധഭീഷണിയുടെ പശ്‌ചാത്തലത്തില്‍ ഗള്‍ഫ് മേഖലകളില്‍ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മര്‍ദം നേരിടുന്നുണ്ടെന്നു വൈദികര്‍.
രാത്രികാലങ്ങളിലെ സൈറണും ശബ്‌ദങ്ങളും പരിഭ്രാന്തി സൃഷ്‌ടിക്കുന്നുണ്ട്. മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഓണ്‍ലൈനായി വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു വൈദികര്‍. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. യുദ്ധഭീതിയുടെ പശ്‌ചാത്തലത്തിലാണു സഭാധ്യക്ഷന്‍ വൈദികരുമായി ആശയവിനിമയം നടത്തിയത്. പ്രവാസികളായ ഏവരെയും ഓര്‍ത്ത് പ്രാര്‍ഥിക്കുന്നതായി കാതോലിക്കാ ബാവ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ മലങ്കര സഭാ ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന മുപ്പതോളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു.