തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ തെക്കെ അതിര്‍ത്തി മണ്ഡലമായ പാറശാലയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ സ്‌ഥാനാര്‍ഥിയുടെ വ്യക്‌തിപ്രഭാവം നിര്‍ണായകം. കോണ്‍ഗ്രസിനോടും ഇടതിനോടും മാറിമാറി ഇഷ്‌ടം കാണിച്ചിട്ടുള്ള പാറശാല കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പമാണ്. മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫിനു സാധിക്കുമോ എന്നതാണ് ഇത്തവണത്തെ നിര്‍ണായക ചോദ്യം.
തുടക്കത്തില്‍ പാറശാല കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും എം. കുഞ്ഞുകൃഷ്‌ണന്‍ നാടാര്‍ ആയിരുന്നു പാറശാലയുടെ പ്രതിനിധി. 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ ഗമാലിയേല്‍ വിജയിച്ചു. 1970- ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരോട്ടത്തിനു വിരാമമിട്ട് സി.പി.എമ്മിലെ എം. സത്യനേശന്‍ പാറശാലയില്‍നിന്നു ജയിച്ചു കയറി. അന്നു പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ എന്‍. സുന്ദരന്‍ നാടാരെ ആയിരുന്നു.
തുടക്കം പരാജയത്തോടെ ആയിരുന്നെങ്കിലും പിന്നീട് ഇങ്ങോട്ട് പാറശാലയില്‍ സുന്ദരന്‍ നാടാര്‍ യുഗമായിരുന്നു. അധികാരത്തിന്റെ പടികള്‍ കയറി അദ്ദേഹം മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറുമൊക്കെയായി. സീറ്റ് നിഷേധിച്ചപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച് ഇരുമുന്നണികളെയും പരാജയപ്പെടുത്തിയ ചരിത്രവും പാറശാലയുടെ കരുത്തനുണ്ട്. 1980-ലും 1982-ലും സുന്ദരന്‍ നാടാര്‍ പാറശാലയില്‍ വെന്നിക്കൊടി പാറിച്ചു. 1987-ല്‍ സത്യനേശന്‍ സുന്ദരന്‍ നാടാരെ ഒരിക്കല്‍ കൂടി വീഴ്‌ത്തി.
തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ എം.ആര്‍. രഘുചന്ദ്രബാലിലൂടെ പാറശാല കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. അത്തവണ രഘുചന്ദ്രബാല്‍ മന്ത്രിസഭയിലുമെത്തി. 1996-ല്‍ രഘുചന്ദ്രബാലിനെ തന്നെ യു.ഡി.എഫ്. കളത്തിലിറക്കിയപ്പോള്‍ സുന്ദരന്‍ നാടാര്‍ സ്വതന്ത്രനായി മത്സരിച്ചു. സി.പി.എമ്മിന്റെ ഡബ്ല്യു.ആര്‍. ഹീബയെയും രഘുചന്ദ്രബാലിനെയും പിന്തള്ളി സുന്ദരന്‍ നാടാര്‍ നിയമസഭയിലേക്കു പോയി. ഈ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ട
രഘുചന്ദ്രബാലിന്റെ രാഷ്‌ട്രീയഭാവിയും അതോടെ ഇരുളടഞ്ഞു.
2001-ല്‍ സുന്ദരന്‍ നാടാര്‍ സി.പി.എമ്മിന്റെ
ആര്‍. സെല്‍വരാജിനെ പരാജയപ്പെടുത്തി ഒരിക്കല്‍ക്കൂടി നിയമസഭയിലെത്തി. എന്നാല്‍ 2006-ല്‍ സെല്‍വരാജ് സുന്ദരന്‍ നാടാരോടു പകരം വീട്ടി. 4,407 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സെല്‍വരാജ് ആദ്യമായി നിയമസഭയിലെത്തി. മണ്ഡലം പുനര്‍നിര്‍ണയത്തോടെ പാറശാലയുടെ സ്വഭാവത്തിലും മാറ്റം വന്നു.
അതിനുശേഷം നടന്ന 2011-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ.ടി. ജോര്‍ജ് സി.പി.എമ്മിലെ ആനാവൂര്‍ നാഗപ്പനെ 505 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മറികടന്നു. 2016-ല്‍ എ.ടി. ജോര്‍ജിനെ പരാജയപ്പെടുത്തി സി.പി.എമ്മിലെ സി.കെ. ഹരീന്ദ്രന്‍ മണ്ഡലം പിടിച്ചെടുത്തു. 18,516 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് ഹരീന്ദ്രന്‍ നേടിയത്.
2021 ആയപ്പോഴേക്കും ഹരീന്ദ്രന്റെ ഭൂരിപക്ഷം 25,828 ആയി ഉയര്‍ന്നു.
ബി.ജെ.പി. വോട്ട് വിഹിതം വര്‍ധിപ്പിച്ചു വരുന്ന മണ്ഡലം കൂടിയാണു പാറശാല. 2011-ലെ തെരഞ്ഞെടുപ്പില്‍
ബി.ജെ.പി. സ്‌ഥാനാര്‍ഥി എസ്. സുരേഷിനു ലഭിച്ചത് 10,310 വോട്ട് ആയിരുന്നു. ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 7.63 ശതമാനം മാത്രമായിരുന്നു ഇത്. എന്നാല്‍ 2016 ആയപ്പോഴേക്കും ബി.ജെ.പിയുടെ കരമന ജയന്‍ ഇവിടെ 33,028 വോട്ട് നേടി. അതായത് പോള്‍ ചെയ്‌തതിന്റെ 20.91 ശതമാനം. എന്നാല്‍ 2021-ല്‍ കരമന ജയന്‍ തന്നെ വീണ്ടും മത്സരിച്ചപ്പോള്‍ വോട്ട് 29,850 ആയി കുറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് 45,957 ആയി കുതിച്ചുയര്‍ന്നു.
രണ്ടാമതെത്തിയ എല്‍.ഡി.എഫിനേക്കാള്‍ വെറും 697 വോട്ടിനു മാത്രം പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മേധാവിത്വം തിരിച്ചു പിടിച്ചു. യു.ഡി.എഫിനേക്കാള്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ എല്‍.ഡി.എഫ്. കൂടുതല്‍ നേടി. സിറ്റിങ് എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ഹരീന്ദ്രനാണു ഇക്കുറിയും ഇടതുമുന്നണി സ്‌ഥാനാര്‍ഥി. ഹരീന്ദ്രനിതു മൂന്നാമൂഴമാണ്.
ഒരു പക്ഷേ ജില്ലയിലെ സി.പി.എം: എം.എല്‍.എമാരില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനം നടത്തിയ ജനപ്രതിനിധിയെന്ന ഖ്യാതിയും ഇദ്ദേഹത്തിനുതന്നെ.
ടേം വ്യവസ്‌ഥ സി.പി.എം. മാറ്റിയ സാഹചര്യത്തിലാണു ഹരീന്ദ്രനു വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് സംസ്‌ഥാന നേതൃത്വത്തിനു നല്‍കിയ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ സി.കെ. ഹരീന്ദ്രന്റെ പേരു മാത്രമാണ് നല്‍കിയിരുന്നത്. നെയ്യാറ്റിന്‍കര സനലിന്റെ പേരാണു കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി കേള്‍ക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്‌ഥിരീകരണമില്ല. മണ്ഡലത്തില്‍ നിശബ്‌ദപ്രചാരണത്തിലാണു നെയ്യാറ്റിന്‍കര സനല്‍. ബി.ജെ.പിയുടെ സ്‌ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനമായില്ല. കരമന ജയന്‍തന്നെ മത്സരിക്കണമെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും കരമന ജയന്‍ ആയിരുന്നു ഇവിടെ ബി.ജെ.പി. സ്‌ഥാനാര്‍ഥി.