Sunday, March 15, 2026 Last Updated 20 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
നുറനാട്‌ മധു
Saturday 07 Mar 2026 11.37 PM

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

uploads/news/2026/03/829006/k11.jpg

പന്തളം; 'ഇത്‌ സുകൃതം.' കമ്യുണിസം അഗ്‌നി പടര്‍ത്തിയ കോവിലകത്തിരുന്ന്‌ ദീപാ വര്‍മ പറഞ്ഞു. ഭക്‌തിയും വിപ്ലവവും ഇഴചേര്‍ന്ന കൊട്ടാരക്കെട്ടാണിവിടം. അയ്യപ്പ സ്വാമിയുടെ മാതൃസ്‌ഥാനിയരാണ്‌ പന്തളം കൊട്ടാരത്തിലെ തമ്പുരാട്ടിമാര്‍. രണ്ട്‌ പതിറ്റാണ്ടുകാലമായി ശബരിമലയില്‍ അയ്യപ്പന്‌ മകരസംക്രമത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ശബരിമലയ്‌ക്കു കൈമാറുന്നതില്‍ ദീപവര്‍മയാണ്‌ മുഖ്യപങ്ക്‌ വഹിക്കുന്നത്‌.

കഴിഞ്ഞ ഇരുപതാണ്ടുകളായി ഇവര്‍ കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹിയാണ്‌. കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കൊട്ടാരത്തില്‍ സ്വാതന്ത്ര്യസമര സേനാനി തൃശൂര്‍ കുറ്റിമുക്ക്‌ ഇറന്നൂര്‍ മനയില്‍ നീലകണ്‌ഠന്‍ നമ്പുതിരിയുടെയും പന്തളം രാജകുടുബാംഗം രോഹിണിനാള്‍ അംബാലിക തമ്പുരാട്ടിയുടെയും ഏകപുത്രി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ വിയ്യൂര്‍ ജയിലില്‍ കെ. കരുണാകരനോടൊപ്പം ജയില്‍വാസം അനുഭവിച്ചിട്ടുള്ള നീലകണ്‌ഠന്‍ നമ്പുതിരി വിയ്യൂര്‍ ജയിലില്‍ ദേശീയ പതാക ഉയര്‍ത്തിയതു ചരിത്രം. കൊടിയ മര്‍ദനങ്ങള്‍ ബ്രിട്ടീഷ്‌ പോലീസില്‍നിന്നും ഏല്‍ക്കേണ്ടിവന്നു. ദിപാവര്‍മയുടെ മാതാവ്‌ പന്തളം കൊട്ടാരത്തില്‍നിന്നു പുറത്തിറങ്ങി വനിതകളെ സംഘടിപ്പിച്ചതും അന്ന്‌ ശ്രദ്ധേയമായി. അംബാലിക തമ്പുരാട്ടിയുടെ നാലു സഹോദരങ്ങളും തികഞ്ഞ വിപ്ലവകാരികളായിരുന്നു.

ഒരുകാലത്ത്‌ പന്തളം കൊട്ടാരക്കെട്ടുകള്‍ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ ഈറ്റില്ലമായിരുന്നു. പുത്തന്‍ കോയിക്കല്‍ കൊട്ടാരത്തില്‍ ഒളിവില്‍ കഴിയാത്ത പഴയകാല കമ്യുണിസ്‌റ്റുകള്‍ ചുരുക്കം. സ്വാതന്ത്ര്യാനന്തരം നീലകണ്‌ഠന്‍ നമ്പുതിരി സേലത്ത്‌ ഹിന്ദിവിദ്വാന്‍ പഠിച്ച്‌ അവിടെ ഹിന്ദി അദ്ധ്യാപകനായി. തമിഴ്‌നാട്ടില്‍ ഹിന്ദി വെറുക്കപ്പെട്ട കാലഘട്ടം. നീലകണ്‌ഠന്‍ നമ്പുതിരിയുടെ സഹോദരന്‍ ആര്യന്‍ എം.എല്‍.എയാണ്‌ പന്തളം രാജകുടുംബത്തിലെ കമ്യുണിസ്‌റ്റ്‌ തമ്പുരാട്ടിയെ തികഞ്ഞ ഗാന്ധിയനുമായി പിന്നീട്‌ വേളിയും കഴിപ്പിച്ചത്‌. ഇരുവരും സേലത്ത്‌ താമസമാക്കി.

നെഹ്‌റുവിനെ സ്‌നേഹിച്ചിരുന്ന നീലകണ്‌ഠന്‍ നമ്പുതിരിക്ക്‌ മകള്‍ പിറന്നത്‌ ഒരു നവംബര്‍ 14 ന്‌. തമിഴ്‌നാട്ടില്‍ അക്കാലത്ത്‌ പെണ്‍കുട്ടികളെ വെറുത്തിരുന്ന നാളുകളായിരുന്നു. ദീപാ വര്‍മ തമിഴ്‌നാട്ടില്‍ പഠിച്ച്‌ ഡിഗ്രിയും ബി.എഡും എടുത്തിരുന്നു. അവിടെത്തന്നെ ഹിന്ദി അദ്ധ്യാപികയായി. 1994-ല്‍ തൃശൂര്‍ ഇല്ലത്തുവച്ച്‌ നീലകണ്‌ഠന്‍ നമ്പുതിരി മരിച്ചു. പ്രായമായപ്പോള്‍ സ്വാതന്ത്ര്യ സമര കാലത്തെ കൊടിയ പോലീസ്‌ മര്‍ദ്ദനത്തിന്റെ അവശതകള്‍ നേരിട്ടിരുന്നു. 95 ല്‍ മാതാവിനോടൊപ്പം പന്തളം കൊട്ടാരത്തില്‍ സ്‌ഥിരതാമസമാക്കി. മാവേലിക്കര കൊട്ടാരത്തില്‍ ഏ.ആര്‍. രാജരാജ വര്‍മയുടെ പൗത്രിയുടെ മകന്‍ മിലിട്ടറി ഉദ്യോഗസ്‌ഥന്‍ എം.ആര്‍. വേണുഗോപാലാണ്‌ ദീപാ വര്‍മയെ വേളികഴിച്ചത്‌. മകള്‍ വൈഷ്‌ണവി വി.വര്‍മ യു.കെയിലാണ്‌.

2003 ല്‍ പന്തളം കൊട്ടാരത്തിലെ പൊതുയോഗം ദിപാവര്‍മയെ ട്രഷറായി തെരഞ്ഞെടുത്തു. നീണ്ട ഇരുപതു വര്‍ഷക്കാലം ഇതു തുടര്‍ന്നു. ഇത്തവണ ജോ. സെക്രട്ടറിയായി ഉത്തരവാദിത്വം. 99 വെള്ളപൊക്കക്കാലത്ത്‌ തിരുവാഭരണങ്ങള്‍ ദീപാ വര്‍മ താമസിക്കുന്ന കോവിലകത്തായിരുന്നു എന്നതും അപൂര്‍വതയായി. ഇത്‌ സ്‌ത്രീകള്‍ മാത്രം താമസിച്ചിരുന്ന കൊട്ടാരക്കെട്ടുകളായിരുന്നു. പന്തളത്തെ തമ്പുരാട്ടിമാര്‍ പമ്പ കടക്കരുത്‌ എന്നാണ്‌ ആചാരം. ശബരിമലയ്‌ക്കു തിരുവാഭരണങ്ങള്‍ കൊണ്ടുപോകുന്ന രാജപ്രതിനിധി പുത്തന്‍ കോയിക്കല്‍, വടക്കേമുറി കൊട്ടാരത്തിലേക്ക്‌ പതിനെട്ടാംപടി ചവിട്ടി, മണ്ണടി ദേവിയെ തൊഴുത്‌, ഏറ്റവും പ്രായം ചെന്ന വലിയ തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങി, ഭക്ഷണം കഴിച്ച ശേഷമേ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കൂ. തിരുവാഭരണച്ചാര്‍ത്തിനു ശേഷം ശബരിമലയില്‍ അഞ്ചുനാള്‍ നടക്കുന്ന ചടങ്ങുകള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ കുഭം ഉത്രത്തിന്‌ നടത്തുന്നത്‌ ശബരിമലയില്‍ പോകാന്‍ പറ്റാത്ത തമ്പുരാട്ടിമാരുടെ അതിരറ്റ ഭക്‌തി കാക്കാന്‍ കൂടിയാണെന്നും പഴമക്കാര്‍.

നിരവധി സംഘടനകളുടെ ഭാരവാഹിയായ ദീപാ വര്‍മ ഇപ്പോള്‍ പാലസ്‌ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിയാണ്‌. പന്തളം കേരളവര്‍മ വായനശാല ഭാരവാഹി, വലിയകോയിക്കല്‍ ക്ഷേത്രം ഉപദേശക സമിതി അംഗം, ക്ഷത്രീയ ക്ഷേമ സഭ ട്രഷറര്‍, പാലസ്‌ ക്ലബ്‌ അംഗം, സൗഹൃദം കുടുംബ മാസിക മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുമ്പോള്‍ ളാഹ വരെ വാഹനത്തിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്താറുണ്ട്‌. എന്നാല്‍ പൂങ്കാവനത്തില്‍ പ്രവേശിക്കില്ല. തമിഴ്‌, ഹിന്ദി, ഇംീഷ്‌, തെലുങ്ക്‌ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നതു കാരണം വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്‌ പന്തളം കൊട്ടാരത്തിലെത്തുന്ന അയ്യപ്പഭക്‌തര്‍ക്ക്‌ ദീപാ വര്‍മ തുണയാണ്‌. വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ തമ്പുരാട്ടി നല്ല കര്‍ഷക കൂടിയാണ്‌.

നുറനാട്‌ മധു

Ads by Google
നുറനാട്‌ മധു
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google