അരൂര്‍: ദേശീയ പാതയില്‍ എരമല്ലൂരില്‍ ടോറസ് ലോറിക്കു പിന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചുകയറി അപകടം. 23 പേര്‍ക്കു പരുക്കേറ്റു.
രണ്ടു പേരുടെ നില ഗുരുതരം. എരമല്ലൂര്‍ കൊച്ചുവേളി പിള്ളമുക്കു കവലയ്‌ക്കു സമീപം ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്‌റ്റ് ബസാണ് ടോറസ് ലോറിക്കു പിന്നില്‍ ഇടിച്ചത്. പരുക്കേറ്റവരെ എറണാകുളം വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടം നടന്നയുടന്‍ പ്രദേശവാസികളും അരൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും ഹൈവേ പോലീസും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് കണ്ടക്‌ടര്‍ മധു (50), യാത്രക്കാരായ അശ്വനി (29), വിദ്യ(50), ജിന്‍സി (41), സുരാജ് (50), ജിഷ (46), സിനി ഫ്രാന്‍സിസ് (30), മോനിച്ചന്‍ (63), ലോല്ലപ്പന്‍ (82), മുകുന്ദന്‍ (64), സീന (60), പി.ടി. ജിനിമോള്‍ (40), മാത്യു ഹെന്റി (52), ശകുന്തള (58), മീനാക്ഷി(21), അബ്‌ദുല്‍ ലത്തീഫ്(46), കൊച്ചുത്രേസ്യ (75), പ്രീത (53), ആന്റണി (72), സീനു (53), അമ്പി (53), സുനില്‍ (29), ഗീത (55) എന്നിവരാണ് ചികിത്സയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ തെറിച്ചുവീണും മുഖം ഇടിച്ചുമാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്.
മുഖത്തും കഴുത്തിലും നെഞ്ചിലുമാണ് കൂടുതല്‍ പേര്‍ക്കും പരുക്ക്. എല്ലാവര്‍ക്കും വിദഗ്‌ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.