Sunday, March 15, 2026 Last Updated 24 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.43 AM

വട്ടിയൂര്‍ക്കാവില്‍ തീപാറുന്ന ത്രികോണ മത്സരം

uploads/news/2026/03/828906/3.jpg

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തലസ്‌ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായ വട്ടിയൂര്‍ക്കാവ്‌ മണ്‌ഡലത്തില്‍ കടുത്ത ത്രികോണ പോരാട്ടത്തിന്‌ അരങ്ങൊരുങ്ങുന്നു. ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി മുന്‍ ഡി.ജി.പിയും ശാസ്‌തമംഗലം വാര്‍ഡ്‌ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയെ പ്രഖ്യാപിച്ചതോടെ മണ്‌ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ചൂട്‌ കനക്കുകയാണ്‌. ഇന്ന്‌ മണ്‌ഡലത്തില്‍ ചുവരെഴുത്തോടെ ബി.ജെ.പി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടും.
പോലീസ്‌ സര്‍വീസില്‍ നിന്നുള്ള വിരമിപ്പിനുശേഷം രാഷ്‌ട്രീയത്തിലേക്ക്‌ എത്തിയ ശ്രീലേഖ തിരുവനന്തപുരം നഗരസഭയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത്‌ സജീവമായി.
ഭരണപരമായ അനുഭവവും നഗരമേഖലയിലെ സ്വാധീനവും മുന്‍നിര്‍ത്തിയാണ്‌ ബി.ജെ.പി. ശ്രീലേഖയെ രംഗത്തിറക്കുന്നത്‌.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി സിറ്റിങ്‌ എം.എല്‍.എയും സി.പി.എം. നേതാവുമായ വി.കെ. പ്രശാന്തും യു.ഡി.എഫിനായി കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയും വട്ടിയൂര്‍ക്കാവിന്റെ മുന്‍ എം.എല്‍.എയുമായ കെ. മുരളീധരനും രംഗത്തിറങ്ങുന്നതിനാല്‍ ശക്‌തമായ ത്രികോണ പോരാട്ടമാണ്‌ മണ്‌ഡലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്‌.
തിരുവനന്തപുരം നഗര രാഷ്‌ട്രീയത്തിലെ ശ്രദ്ധേയനായ നേതാവാണ്‌ വി.കെ. പ്രശാന്ത്‌.തിരുവനന്തപുരം നഗര സഭയുടെ മുന്‍ മേയറായിരുന്ന അദ്ദേഹം 2019ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരമേഖലയിലെ വിവിധ വികസന പദ്ധതികള്‍ മുന്നോട്ട്‌ കൊണ്ടുപോയെന്നതാണ്‌ എല്‍.ഡി.എഫ്‌. ഉയര്‍ത്തിക്കാട്ടുന്ന പ്രധാന നേട്ടം.
കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവുമായി ദീര്‍ഘകാല രാഷ്‌ട്രീയബന്ധമുള്ള നേതാവാണ്‌. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകനായ മുരളീധരന്‍ സംസ്‌ഥാന രാഷ്‌ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്‌. മുമ്പ്‌ വട്ടിയൂര്‍ക്കാവില്‍ നിന്ന്‌ എം.എല്‍.എയായും മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തിരുവനന്തപുരം നഗരമേഖലയിലെ പ്രധാന രാഷ്‌ട്രീയ പോരാട്ടഭൂമികളില്‍ ഒന്നായ
വട്ടിയൂര്‍ക്കാവില്‍ മൂന്നു മുന്നണികളും ശക്‌തമായി രംഗത്തിറങ്ങുന്നതിനാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ വലിയ ശ്രദ്ധ നേടുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Ads by Google
Saturday 07 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google