തിരുവനന്തപുരം: ചക്രക്കസേരയില്‍ ഒതുങ്ങേണ്ടതല്ല ജീവിതമെന്നു തെളിയിച്ച ഡോ. ആതിര സുഗതന് ഐ.എ.എസ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ നേതൃസ്‌ഥാനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷണല്‍ സ്‌പീക്കറും, എഴുത്തുകാരനും, അബ്‌സൊല്യൂട്ട് ഐ.എ.എസ്. അക്കാദമി സ്‌ഥാപകനുമായ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആരംഭിച്ച 'പ്ര?ജക്‌റ്റ് ചിത്രശലഭം' എന്ന സൗജന്യ സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയിലൂടെയാണു കോഴിക്കോട് സ്വദേശിനി ഡോ. ആതിര വിധിയെ തോല്‍പ്പിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയത്.
ഒരു റോഡ് അപകടത്തെത്തുടര്‍ന്നു ഓര്‍മ പോലും ഇല്ലാതെ അരയ്‌ക്ക് കീഴ്‌പോട്ടു ചലന ശേഷി നഷ്‌ടപ്പെട്ടു വീല്‍ ചെയറിലായ അവസ്‌ഥയില്‍നിന്നാണ് ഡോ. ആതിര മുന്നോട്ടുവന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിന്ന ശേഷിക്കാര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയെഴുതാം എന്ന ഡോ. ജോബിന്‍ എസ് കൊട്ടാരത്തിന്റെ ഒരു വീഡിയോ കണ്ടാണ് അദ്ദേഹവുമായി ബന്ധപ്പെട്ടത്. ഭിന്നശേഷിക്കാര്‍ക്കായി സിവില്‍ സര്‍വീസ് പഠനത്തിന് യാതൊരു പദ്ധതികളുമില്ലെന്നു പറഞ്ഞ ഡോ. ആദ്യ വിദ്യാര്‍ഥിയായി ചേര്‍ത്താണ് ഡോ. ജോബിന്‍ എസ് കൊട്ടാരം 'പ്ര?ജക്‌റ്റ് ചിത്രശലഭം' ആരംഭിച്ചത്. വീല്‍ ചെയറില്‍ നിന്നും സിവില്‍ സര്‍വിസിലെത്തിയ ഷെറിന്‍ ഷഹാനയെയും സെറിബ്രല്‍ പാല്‍സിയെ അതിജീവിച്ച് സിവില്‍ സര്‍വീസിലെത്തിയ എ.കെ. ശാരികയെയുമൊക്കെ സഹായിച്ചത് ചിത്ര ശലഭം പദ്ധതിയായിരുന്നു.
അബ്‌സൊല്യൂട്ട് അക്കാദമിയില്‍ പരിശീലനം നേടിയ ഡോ. ആതിര മലയാളം ഓപ്‌ഷണല്‍ ആയി എടുത്ത് മലയാളത്തിലാണ് ഇന്റര്‍വ്യൂവിനെ നേരിട്ടത്. ഡോ. ജോബിന്‍ എസ് കൊട്ടാരം തന്നെയായിരുന്നു മലയാളം ഓപ്‌ഷണല്‍ പഠിപ്പിച്ചത്. ചിത്രശലഭം പദ്ധതിയിലെ ആദ്യ വിദ്യാര്‍ഥിക്ക് തന്നെ ഇത്തവണ മികച്ച വിജയം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ അധ്യാപകന്‍.