കട്ടപ്പന: അങ്കമാലി മോണിങ് സ്‌റ്റാര്‍ ഹോം സയന്‍സ് വിദ്യാര്‍ഥിനി ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മുഖ്യ പ്രതിയായ ഡോ. സിറിയക് പി. ജോര്‍ജ് വാഗമണ്ണിലെ റിസോര്‍ട്ടില്‍ കഴിഞ്ഞത് രൂപവും വേഷവും മാറി.
രണ്ട് ദിവസം മുമ്പാണ് പ്രതി വാഗമണ്ണിലെത്തിയതെന്നാണ് വിവരം. വാഗമണ്ണില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്ളതിനാല്‍ ഇയാള്‍ ഇവിടെ എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ മനസിലാക്കിയിരുന്നു.
തുടര്‍ന്ന് വാഗമണ്‍ പോലീസിന് നിര്‍ദേശം നല്‍കുകയും പ്രദേശത്ത് പരിശോധന നടത്തി വരികയുമായിരുന്നു. വാഗമണ്ണില്‍ നിന്നും ഏലപ്പാറ റൂട്ടില്‍ രണ്ട് കിലോമീറ്ററോളം ഉള്ളിലായിട്ടാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണംകുളത്തെ റിസോര്‍ട്ട്. ക്ലീന്‍ ഷേവ് ചെയ്‌ത് സാധാരണ ഉപയോഗിക്കാറുള്ളതില്‍ നിന്നും വ്യത്യസ്‌തമായ വേഷം ധരിച്ചാണ് പ്രതി ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ റിസോര്‍ട്ട് ഉടമ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം.
വാഗമണ്‍ പ്രദേശത്ത് മുമ്പും ഇയാള്‍ വന്നിട്ടുള്ളതിനാല്‍ ഇവിടവുമായി നല്ല പരിചയമുണ്ടായിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളുമായി ചിലര്‍ ഇവിടെ ഉണ്ടെന്നും ഇവരുടെ സഹായത്തിലാണ് ഒളിവില്‍ കഴിഞ്ഞതെന്നുമാണ് സൂചനകള്‍.