Sunday, March 15, 2026 Last Updated 31 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

വ്യാജ നിയമ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ വ്യാപകമെന്ന്‌ പരാതി

കോട്ടയം: കേരളത്തിലെ കോടതികളില്‍ വ്യാജ നിയമ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന അഭിഭാഷകരുടെ എണ്ണം പെരുകുന്നതായി പരാതി. പരാതികളെത്തുടര്‍ന്നു വ്യാജ അഭിഭാഷകരെക്കുറിച്ച്‌ ബാര്‍ കൗണ്‍സില്‍ അന്വേഷണമാരംഭിച്ചു.
ഉത്തരേന്ത്യയിലെ വ്യാജ സര്‍വകലാശാലകളില്‍ മൂന്നുലക്ഷം രൂപ കൊടുത്താല്‍ വ്യാജ പ്രഫഷണല്‍ ഡിഗ്രി ലഭിക്കും. ഈ ഡിഗ്രി ഒറിജിനല്‍ ആണെന്നു കേരളത്തിലെ ബാര്‍ കൗണ്‍സിലിനേയും കേരള ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ച്‌ സന്നത്‌ എടത്ത്‌ കോടതികളില്‍ പ്രാക്‌ടീസ്‌ ചെയ്യുകയാണ്‌.
മൂന്നും അഞ്ചും വര്‍ഷം പഠിച്ച്‌ കഠിന പരിശ്രമത്തിലൂടെ അഭിഭാഷകരായവര്‍ക്കാണ്‌ ഇത്തരം വ്യാജന്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നത്‌. കൊല്ലം കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു അഭിഭാഷകന്റെ തട്ടിപ്പ്‌ കഥ പുറത്തുവന്നതോടെയാണ്‌ ഈ പ്രശ്‌നം പൊതുശ്രദ്ധയിലേക്ക്‌ വരുന്നത്‌.
റോട്ടറി ക്ലബ്ബിന്റെ ഭാരവാഹി സ്‌ഥാനമടക്കം വഹിച്ചിട്ടുള്ള ഇയാള്‍ വ്യാജ ഡിഗ്രി ഉപയോഗിച്ചാണു കൊല്ലത്ത്‌ പ്രാക്‌ടീസ്‌ ചെയ്യുന്നതെന്ന്‌ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു രാജസ്‌ഥാനിലുള്ള ഒ.പി. ജെ.എസ്‌ എന്ന സര്‍വകലാശാലയില്‍ നിന്നും പണം നല്‍കി വാങ്ങിയ വ്യാജ ഡിഗ്രി ഉപയോഗിച്ചാണ്‌ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതെന്നു വിവരം ലഭിച്ചത്‌.
കൊല്ലത്തുതന്നെയുള്ള മറ്റു 'വ്യാജ അഭിഭാഷകരാ'ണ്‌ ഇടനിലക്കാരായത്‌. സര്‍വകലാശാലയ്‌ക്കു മൂന്നുലക്ഷം രൂപ നല്‍കിയാണു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നേടിയത്‌.
കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ഈ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ ഇയാള്‍ കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. റോട്ടറി ക്ലബ്‌ രേഖകളിലും അഡ്വക്കേറ്റ്‌ എന്ന പദവി ഉപയോഗിക്കുന്നുണ്ട്‌.
പരാതിയെത്തുടര്‍ന്ന്‌ ഒ.പി.ജെ.എസ്‌.സര്‍വകലാശാലയെക്കുറിച്ചും ബാര്‍ കൗണ്‍സില്‍ അന്വേഷണം നടത്തിയിരുന്നു.
വ്യജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തതിന്റെ പേരില്‍ ഒ.പി.ജെ.എസ്‌. സര്‍വകലാശാലയിലെ ചാന്‍സിലര്‍ അടക്കമുള്ള എല്ലാ ഉദ്യോഗസ്‌ഥരും ജയിലിലാണ്‌.
നാല്‍പതിനായിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ്‌ ഇവിടെ അച്ചടിച്ച്‌ വിതരണം ചെയ്‌തത്‌. ഇതില്‍ രണ്ടായിരത്തോളം വ്യാജ എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റുകളാണ്‌.
വ്യാജ ഡിഗ്രി ആണെന്നു തെളിഞ്ഞാല്‍ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ജയിലിലാകും. ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്‌.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google