തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ ജാമ്യവ്യവസ്‌ഥ ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കോടതിയെ സമീപിച്ചു. രണ്ടാം തവണയാണു സമയം നീട്ടി ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി അടുത്ത 10 നു പരിഗണിക്കും.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ രണ്ടാമതായി ലൈംഗികപീഡന പരാതി നല്‍കിയ അതിജീവിതയാണ് ജാമ്യത്തില്‍ കഴിയുന്ന എം.എല്‍.എ. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അന്വേഷണസംഘത്തെ സമീപിച്ചത്. ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരി മൊഴി നല്‍കിയിരുന്നു.
അതിജീവിതയുടെ പരാതിയെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. അതിജീവിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ വാട്‌സ്‌ആപ്പ് വഴി വിളിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചതായും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. 10 ന് കേസ് വീണ്ടും പരിഗണിക്കും.