ആനക്കാംപൊയില്‍ (കോഴിക്കോട്): കോഴിക്കോട്-വയനാട് (ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി) തുരങ്കപാത നിര്‍മാണത്തിന്റെ ആദ്യ ബ്ലാസ്‌റ്റ് സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ സ്വപ്‌നപദ്ധതിക്കു തുടക്കമിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്‌റ്റ് നടന്നത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്‌ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവച്ചു.
കേരളത്തിന്റെ സമസ്‌തമേഖലയിലുംതുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യവിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നേരേയുള്ള 'ബ്ലാസ്‌റ്റാ'ണിതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതിപ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍.പി. സ്‌കൂളില്‍ തത്സമയ സംപ്രേഷണം ഒരുക്കി. മന്ത്രി എ.കെ. ശശീന്ദ്രന്‍, ലിന്റോ ജോസഫ് എം.എല്‍.എ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കിഫ്‌ബി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെ.പി. പുരുഷോത്തമന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ. ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.