കോട്ടയം: പശ്‌ചിമേഷ്യന്‍ യുദ്ധഭീതിയില്‍ റബര്‍മേഖലയും. യുദ്ധം തുടര്‍ന്നാല്‍ ആഭ്യന്തര ചരക്കുനീക്കത്തെപ്പോലും ബാധിക്കുമെന്നതിന്റെ സൂചനയായി വിലയില്‍ നേരിയ ഇടിവ്. അതേസമയം യുദ്ധഭീതിയുടെ പേരില്‍ വിലയിടിക്കാനുള്ള തന്ത്രങ്ങളും ചില കോണുകളില്‍നിന്ന് ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യ ഹോളി ആഘോഷത്തിന്റെ ലഹരിയിലായതിനാല്‍ വ്യവസായികള്‍ ഏതാനും ദിവസങ്ങളായി ചരക്കെടുക്കാത്തതും നിലവിലെ വിലയിടിവിനു കാരണമാണ്. ഏതാനും മാസത്തെ ഇടവേളയ്‌ക്കുശേഷം റബര്‍വില ഉയരങ്ങളിലേക്കു കുതിക്കുമെന്ന ഘട്ടത്തിലാണു യുദ്ധമെത്തിയത്.
കോട്ടയത്ത് രണ്ടാഴ്‌ച മുമ്പ് 222 രൂപയ്‌ക്കു വരെ നടന്ന വ്യാപാരം ഇന്നലെ 215 രൂപയിലേക്കു താഴ്‌ന്നു. ലാറ്റക്‌സ് വില 225 രൂപയില്‍നിന്ന് 205 ആയും ഒട്ടുപാല്‍ വില 150 രൂപയില്‍ നിന്ന് 135 ആയും താഴ്‌ന്നു. വരുംദിവസങ്ങളില്‍ വില വീണ്ടും താഴുമെന്ന മുന്നറിയിപ്പാണു വ്യാപാരികള്‍ നല്‍കുന്നത്. ഭീതിയുടെ മറവില്‍ പരമാവധി ചരക്ക് സംഭരിക്കാന്‍ മത്സരിക്കുകയാണു വന്‍കിട വ്യാപാരികളും വ്യവസായികളും. യുദ്ധഭീഷണി മാറുമ്പോള്‍ ആവശ്യമേറുമെന്നും വില കുതിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. വന്‍കിട സ്‌റ്റോക്കിസ്‌റ്റുകളില്‍ മിക്കവരുടെയും ഗോഡൗണുകള്‍ നിറഞ്ഞുകഴിഞ്ഞു. എന്നാല്‍ യുദ്ധത്തെത്തുടര്‍ന്ന് ഉണ്ടാകാനിടയായുള്ള കണ്ടെയ്‌നര്‍ ക്ഷാമം ആഭ്യന്തര വിലത്തകര്‍ച്ചയ്‌ക്ക് ഇടയാക്കുമെന്നും ചില വിപണിവൃത്തങ്ങള്‍ പറയുന്നുണ്ട്.
നിലവില്‍ റബറും ലാറ്റക്‌സും ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലേക്കുള്‍പ്പെടെ കടല്‍മാര്‍ഗമാണു കൊണ്ടുപോകുന്നത്. റോഡുമാര്‍ഗം കൊണ്ടുപോകുന്നതിനേക്കാള്‍ ചെലവു കുറവാണെന്നതാണു കാരണം. വല്ലാര്‍പാടത്തുനിന്ന് ഗുജറാത്തിലെ മുദ്ര, അദാനി പോര്‍ട്ടുകളിലെത്തിച്ച് അവിടെ നിന്നു റോഡുമാര്‍ഗം ഗുജറാത്ത്, യു.പി, ഹരിയാന, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നു. യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ചരക്കുനീക്കം തടസപ്പെട്ടതോടെ കണ്ടെയ്‌നര്‍ ക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുള്ളതായി വ്യാപാരികള്‍ പറയുന്നു. കോവിഡ് കാലത്ത് സമാന പ്രതിസന്ധിയുണ്ടായിരുന്നു.
വില ഉയര്‍ന്നിരുന്ന പശ്‌ചാത്തലത്തിലും വേനല്‍ മഴയെത്തുടര്‍ന്നും ടാപ്പിങ് പുനരാരംഭിക്കാനുള്ള നീക്കത്തിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അവര്‍ പിന്നാക്കം പോകുകയാണ്. വിപണിയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ റബര്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടലുകള്‍ വേണമെന്ന ആവശ്യവും കര്‍ഷകര്‍ക്കുണ്ട്.