കൊച്ചി: ശരിയായ കൂടിയാലോചന കൂടാതെ ഒരേ പ്രദേശത്തുനിന്ന് വ്യത്യസ്‌ത പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെ അടുത്തിടെ അനുവദിച്ചത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചതായി കെ.പി.സി.സി. ആരോപിച്ചു.
ബൂത്ത് വിഭജന പ്രക്രിയ അവലോകനം ചെയ്യാനും ബൂത്ത് വിഭജനം യുക്‌തിസഹമാക്കുന്നതിന് ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ വ്യക്‌തമായി നിര്‍വചിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനോട് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കെ.പി.സി.സി. ഈ ആവശ്യം ഉന്നയിച്ചത്. കെ.പി.സി.സിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റുമാരായ ഹൈബി ഈഡന്‍ എം.പി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വോട്ടര്‍ പട്ടികകളുടെ നിലവിലെ അശാസ്‌ത്രീയ ഘടന കാരണം, ഒരേ വീട്ടിലെ അംഗങ്ങള്‍ വ്യത്യസ്‌ത പേജുകളിലോ വ്യത്യസ്‌ത ബൂത്തുകളിലോ പ്രത്യക്ഷപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും പ്രത്യേക ബൂത്തുകളിലാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഈ അപാകത പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഹൈബി ഈഡന്‍ എം .പി ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത ചൂടും വോട്ട് ചെയ്യുന്നതിനെടുക്കുന്ന കൂടുതല്‍ സമയവും പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ ഒരു ബൂത്തില്‍ പരാമാവധി 1200 പേര് എന്ന തരത്തില്‍ ബൂത്തുകള്‍ പുനഃക്രമീകരിക്കുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മറുപടി നല്‍കി. വോട്ടുകള്‍ 1200 താഴെയുള്ള ബൂത്തുകളില്‍ ക്രമീകരണങ്ങള്‍ ഇപ്പോഴും ബി.എല്‍.ഒ. ലെവലില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളുടെ അടിസ്‌ഥാനത്തില്‍ സെന്‍സിറ്റീവ്, ഹൈപ്പര്‍-സെന്‍സിറ്റീവ് പോളിങ് ബൂത്തുകള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.സി.സി. ആവശ്യപ്പെട്ടു. അത്തരം ബൂത്തുകളിലും നേരത്തെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്‌ഥലങ്ങളിലും സി.സി.ടിവി നിരീക്ഷണവും തത്സമയ വെബ്‌കാസ്‌റ്റിങ്ങും നിര്‍ബന്ധമാക്കണം. എസ്.ഐ.ആര്‍. പ്രകാരം പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് ഫോം 6 ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ തിരഞ്ഞെടുപ്പ് വിഞ്‌ജാപനത്തിന് ഒരു ദിവസം മുന്‍പ് വരെ വോട്ട് ചേര്‍ക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചതായും അവര്‍ പറഞ്ഞു.