പാലക്കാട്: മുന്‍ എം.എല്‍.എ പി.കെ. ശശിയുടെ ചുവടുമാറ്റത്തെത്തുടര്‍ന്ന് പാലക്കാടന്‍ രാഷ്‌ട്രീയം കലങ്ങി മറിയുന്നു. ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാന്‍ ശശി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ശക്‌തമായ പ്രതിരോധം തീര്‍ത്ത് സി.പി.എമ്മിന്റെ നേതാക്കള്‍ ഒന്നടങ്കം കളത്തിലിറങ്ങി. യു.ഡി.എഫിലും പ്രശ്‌നങ്ങള്‍ പുകയുകയാണ്.
ശശിയെ മത്സരിപ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസില്‍ അതൃപ്‌തി വര്‍ധിക്കുകയാണ്. വരുംദിവസങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ ഉണ്ടായേക്കും. അതിനിടെ വിമതനേതാക്കളില്‍ ചിലര്‍ സി.പി.എമ്മിലേക്ക് മടങ്ങുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. ശശിക്കൊപ്പം ചേരാനില്ലെന്ന് ഒറ്റപ്പാലത്തെ സി.പി.എം. വിമതരുടെ കൂട്ടായ്‌മയും വ്യക്‌തമാക്കിയിട്ടുണ്ട്.
മുന്‍ എം.പി: എന്‍.എന്‍. കൃഷ്‌ണദാസ്, മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി. ചെന്താമരാക്ഷന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍, സി.പി.എം. ശ്രീകൃഷ്‌ണപുരം ഏരിയാ സെക്രട്ടറി കെ. ജയദേവന്‍ എന്നിവര്‍ പി.കെ. ശശിക്കെതിരേ ശക്‌തമായ പ്രതികരണവുമായി രംഗത്തെത്തി. പി.കെ. ശശിയെപ്പോലെ ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സി.പി.എം നേതാവ് പാലക്കാട് ജില്ലയിലില്ലെന്ന് എന്‍.എന്‍. കൃഷ്‌ണദാസ് അഭിപ്രായപ്പെട്ടു. ശശിക്ക് വ്യക്‌തികേന്ദ്രീകൃതമായ താല്‍പര്യങ്ങളാണ് എന്നും തെറ്റ് തിരുത്തിയാല്‍ അദ്ദേഹത്തിന് വീണ്ടും
പാര്‍ട്ടിയിലേക്ക് മടങ്ങിവരാനാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാര്‍ മാറുമ്പോള്‍ രീതികള്‍ മാറുന്ന പതിവ് സി.പി.എമ്മിലില്ലെന്ന് കൃഷ്‌ണദാസ് പറഞ്ഞു.
തനിക്കൊപ്പം നില്‍ക്കാത്തവരെ അപവാദം പ്രചരിപ്പിച്ച് ഇല്ലായ്‌മ ചെയ്യുന്ന രീതിയാണ് പി.കെ. ശശിയുടേത് എന്ന് വി. ചെന്താമരാക്ഷന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഫണ്ടും ബാങ്കിലെ പണവും കട്ടതിനാലാണ് പി.കെ. ശശിയെ സി.പി.എം തരംതാഴ്‌ത്തിയതെന്ന് കെ.സി. റിയാസുദ്ദീന്‍ പറഞ്ഞു. ശശിക്ക് പാര്‍ട്ടി ഓഫീസ് അനാശാസ്യകേന്ദ്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തേ പീഡനവീരനെന്ന് വിളിച്ചവര്‍ പി.കെ. ശശിയെ വിശുദ്ധനാക്കാന്‍ ശ്രമിക്കുകയാണെന്ന് കെ. ജയദേവന്‍ പറഞ്ഞു. ശശി എന്നും വിഭാഗീയതയുടെ നേതാവായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട്ട് കഴിഞ്ഞ ദിവസം നടന്ന വിമത കണ്‍വന്‍ഷനില്‍ പങ്കെടുത്ത രണ്ടു നേതാക്കള്‍ സി.പി.എമ്മില്‍ തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം എന്‍. വിജയാനന്ദ്, പെരുമ്പാറച്ചള്ള പാല്‍ സൊസൈറ്റി ഡയറക്‌ടര്‍ എസ്. കാര്‍ത്തിക് എന്നിവരാണ് പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ വിമത പക്ഷത്തുള്ള പ്രമുഖ നേതാക്കളാണ് ഇരുവരും. അതോടൊപ്പം കൊഴിഞ്ഞാമ്പാറയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകായ മദന്‍കുമാര്‍, ഷണ്‍മുഖവേല്‍ എന്നിവരും സി.പി.എമ്മില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ച് പി.കെ. ശശി മുന്നാട്ടു പോകുന്നത് കോണ്‍ഗ്രസില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. പ്രതിഷേധമുള്ള പാര്‍ട്ടി നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ശശിക്ക് ഒപ്പമില്ലെന്ന് ഒറ്റപ്പാലത്തെ സി.പി.എം. വിമതര്‍ പാലക്കാട്: പി.കെ. ശശി നേതൃത്വം നല്‍കുന്ന സി.പി.എം വിമത കൂട്ടായ്‌മയെ അംഗീകരിക്കില്ലെന്ന് വ്യക്‌തമാക്കി ഒറ്റപ്പാലത്തെ സി.പി.എം വിമതരുടെ കൂട്ടായ്‌മയായ സ്വതന്ത്രമുന്നണി രംഗത്തെത്തി. ആരെങ്കിലും പറയുന്നിടത്ത് പോകില്ലെന്ന് സ്വതന്ത്രമുന്നണി നേതാവ് എസ്.ആര്‍. പ്രകാശ് പറഞ്ഞു. 2006ല്‍ പി.കെ. ശശിയും സംഘവും ജല്ലയിലെ പാര്‍ട്ടിയെ എങ്ങനെയാണ് കൈകാര്യം ചെയ്‌തത് എന്നത് കൃത്യമായി അറിയാം. യഥാര്‍ഥ കമ്യൂണിസ്‌റ്റുകളാണ് തങ്ങളെന്ന് പറയുന്നത് കേട്ടപ്പോള്‍ കഷ്‌ടവും തമാശയുമാണ് തോന്നിയത്. ആരുടേയും അടിമകള്‍ അല്ലാത്തതിനാല്‍ പി.കെ. ശശിയുമായി സഹകരിക്കില്ല- എസ്.ആര്‍. പ്രകാശ് വ്യക്‌തമാക്കി.
സി.പി.എമ്മില്‍ ചേരിപ്പോര് രൂക്ഷമായി നിന്ന കാലത്ത് വി.എസ്. പക്ഷത്ത് നിലയുറപ്പിച്ചവരാണ് ഒറ്റപ്പാലത്തെ വിമത കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കിയത്. അന്ന് ഔദ്യോഗിക പക്ഷത്തെ നിയന്ത്രിച്ചിരുന്നത് പി.കെ. ശശിയായിരുന്നു.
ശശിക്കെതിരേ
സി.പി.എം.
നിയമനടപടിക്ക്
പാലക്കാട്: സി.പി.എമ്മിനെതിരേ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.കെ. ശശിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു അറിയിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്‌തശേഷം നടപടി തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ സ്‌പിരിറ്റ് കടത്തുകാരനാണെന്ന ശശിയുടെ ആരോപണം തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവ് പുറത്ത് വിടണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സ്‌പിരിറ്റ് കടത്തുകാരനാണ് സി.പി.എമ്മിന്റെ ജില്ലാ സെ
ക്രട്ടറി എന്ന് വ്യാഴാഴ്‌ച നടന്ന വിമത കണ്‍വെന്‍ഷനില്‍ പി.കെ. ശശി ആരോപിച്ചിരുന്നു.