Sunday, March 15, 2026 Last Updated 19 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ലോകത്തിന്‌ മാതൃക: കേന്ദ്ര തെര. കമ്മിഷണര്‍

കൊച്ചി: ഏറ്റവും മികച്ച തെരഞ്ഞെടുപ്പിനു കേരളം സാക്ഷ്യം വഹിക്കുമെന്നും ഇവിടത്തെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയായിരിക്കുമെന്നും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌ കുമാര്‍. തെരഞ്ഞെടുപ്പ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗോശ്രീ പാലത്തില്‍ യുവ വോട്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്‌കരണ പരിപാടിയില്‍ വിദ്യാര്‍ഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താനാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ കൊച്ചിയിലെത്തിയത്‌. കേരളത്തിലെ ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധതയും ഉദ്യോഗസ്‌ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും ഒത്തുചേരുമ്പോള്‍ രാജ്യത്തെതന്നെ ഏറ്റവും സുതാര്യവും ജനകീയവുമായ തെരഞ്ഞെടുപ്പായി ഇതു മാറുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യ പ്രക്രിയയില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കന്നിവോട്ടര്‍മാര്‍ക്ക്‌ പരിപാടിയില്‍ വോട്ടര്‍ ഐ.ഡി കൈമാറി. യുവാക്കള്‍ക്ക്‌ സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. വിവിധ കോളജുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ സി3 സീന്‍ മെക്കേഴ്‌സുമായി സഹകരിച്ച്‌ സ്വീപ്‌ പുറത്തിറക്കിയ ജെന്‍ സി തീം സോങ്ങിന്റെ അവതരണവും ചടങ്ങില്‍ നടന്നു.
ഗോശ്രീ പാലത്തിലൂടെ വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഓര്‍മ്മകള്‍ പങ്കുവച്ചു. അദ്ദേഹം എറണാകുളം ജില്ലാ കലക്‌ടറായിരുന്ന കാലത്താണ്‌ ഗോശ്രീ പാലം യാഥാര്‍ഥ്യമായത്‌.
ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്ക, സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google