Sunday, March 15, 2026 Last Updated 21 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 07.23 AM

ആര്‍. ശ്രീലേഖ സ്ഥാനാര്‍ത്ഥി ; വട്ടിയൂര്‍കാവില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ ; തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും

uploads/news/2026/03/828849/sreelekha11.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജ്ജമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. ഇന്നു മുതല്‍ ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ തുടങ്ങും. ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വട്ടിയൂര്‍കാവിലാണ് ശ്രീലേഖയെ ഇറക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഭാഗത്തെ കൗണ്‍സിലറാണ്.

ബിജെപി വലിയ സ്വപ്നങ്ങള്‍ മെനയുന്ന വട്ടിയൂര്‍കാവില്‍ നര്‍മ്മദാ കോംപ്ലക്സിന് സമീപം രാവിലെ പ്രചാരണത്തിന് തുടക്കമിടും. അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുന്‍പ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ സന്നദ്ധത പിന്നീട് അറിയിക്കുകയായിരുന്നു. ഇതോടെ ഇവിടെ ശക്തമായ ത്രികോണമത്സരം നടക്കും. 2016 ല്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാമത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഈ ആത്മവിശ്വാസത്തിലാണ് നാട്ടുകാരി കൂടിയായ ആര്‍ ശ്രീലേഖയെ കളത്തിലിറക്കുന്നത്.

മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് ചുവരെഴുതിക്കൊണ്ടാണ് ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുക. രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂര്‍ക്കാവില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തിയത്. 2016ല്‍ കെ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയും ബിജെപി കുമ്മനം രാജശേഖരനിലൂടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ മൂന്നാമതായിരുന്നു.2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു.

2019ല്‍ കെ മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്. ഇത്തവണയും മണ്ഡലത്തില്‍ വി കെ പ്രശാന്ത് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് കെ. മുരളീധരനെ മത്സരിപ്പിച്ചേക്കാനാണ് സാധ്യത.

Ads by Google
Saturday 07 Mar 2026 07.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google