കൊച്ചി: പാലാരിവട്ടം പള്ളിശേരി റോഡില്‍ തോബിയാസിനെ (34) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി തൃശൂര്‍ എളനാട് കുറ്റിപ്പുറത്ത് വീട്ടില്‍ അരുളപ്പന്റെ മകന്‍ ലോറന്‍സിനെ (60) എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2019 ജനുവരി ഏഴിന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. മദ്യലഹരിയില്‍ സ്വന്തം അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച തോബിയാസിനെ ഹോംനഴ്‌സായ പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. തോബിയാസിനെ ലഹരിവിമുക്‌ത കേന്ദ്രത്തില്‍ ശുശ്രൂഷിക്കാനെത്തിയ ഹോം നഴ്‌സാണു പ്രതി. രാജാക്കാട് എസ്‌റ്റേറ്റുള്ള തോബിയാസിന്റെ കുടുംബം പാലാരിവട്ടത്തേക്കു മാറിത്താമസിക്കുകയായിരുന്നു.
മയക്കുമരുന്നിനടിമയായ തോബിയാസ് അമ്മയെ ഉപദ്രവിച്ചിരുന്നു. ഇതു തടയാന്‍ ചെന്ന ലോറന്‍സ് കുത്തിയെന്നാണു കേസ്. സംഭവത്തിനുശേഷം വീടിനു മുന്നിലെ റോഡില്‍ രക്‌തം വാര്‍ന്നുകിടന്ന തോബിയാസിനെ, അമ്മ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സഹോദരിയും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആഴത്തിലുള്ള ഏഴു കുത്തുകളായിരുന്നു മരണകാരണം. കാറിലും ആശുപത്രിയിലും തോബിയാസ് കൊടുത്ത മരണമൊഴിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്.