കൊച്ചി: കേരള തീരത്തെ എം.എസ്.സി. എല്‍സ-3 കപ്പലപകടത്തിനുശേഷം ഇതുവരെ എന്താണു ചെയ്‌തതെന്നും കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും കേന്ദ്രസര്‍ക്കാരിനോടു ചോദിച്ച് ഹൈക്കോടതി. '12 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തു നടന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാരിനാണു വിഷയത്തില്‍ മറുപടി പറയാന്‍ സാധിക്കുക. കപ്പലപകടം ഉണ്ടായാല്‍ സ്വീകരിക്കുന്ന പ്രോട്ടോക്കോള്‍ എന്താണ്?' എന്നും
ജസ്‌റ്റിസുമാരായ രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളടക്കം വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളോടു കോടതി നിര്‍ദേശിച്ചു. എം.എസ്.സി. എല്‍സ 3 കപ്പലപകടത്തെത്തുടര്‍ന്നു പുറംകടലില്‍ കണ്ടെയ്‌നറുകള്‍ ഒഴുകിനടന്നു മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റും നശിക്കുന്ന സാഹചര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.കഴിഞ്ഞ വര്‍ഷം മേയ് 24 നായിരുന്നു എല്‍സ 3 ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. കണ്ടെയ്‌നറുകള്‍ ഒഴുകിനടന്നു മത്സ്യത്തൊഴിലാളികള്‍ക്കടക്കം പ്രതിസന്ധി സൃഷ്‌ടിക്കുകയും രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ പലയിടങ്ങളിലായി അടിയുകയും ചെയ്‌തിരുന്നു. കപ്പല്‍ മുങ്ങിയ സംഭവത്തില്‍, കപ്പലുടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയോട് 1200 കോടി രൂപ കെട്ടിവയ്‌ക്കണമെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. 136 കോടി രൂപമാത്രമാണ് നാശനഷ്‌ടം സംഭവിച്ചതെന്നും അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവയ്‌ക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്. തുക കെട്ടിവച്ചില്ലെങ്കില്‍ വിഴിഞ്ഞത്തു നങ്കൂരമിട്ട, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എം.എസ്.സി. അക്വിറ്റേറ്റ-2 അറസ്‌റ്റ് ചെയ്‌തു തടഞ്ഞുവയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു കപ്പല്‍ കമ്പനി കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവച്ചു. വിഴിഞ്ഞത്ത് അറസ്‌റ്റ് ചെയ്‌തു സൂക്ഷിച്ചിരുന്ന എം.എസ്.സി. അക്വിറ്റേറ്റ-2 എന്ന കപ്പല്‍ അതോടെ വിട്ടയയ്‌ക്കുകയും ചെയ്‌തു. തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, മംഗളൂരു കടല്‍മാര്‍ഗം സര്‍വീസ് നടത്തുന്ന എം.എസ്.സി. എല്‍സ-3 ല്‍ 643 കണ്ടെയ്‌നറുകളായിരുന്നു ഉണ്ടായിരുന്നത്.