കോട്ടയം: അങ്കമാലിയില്‍ കാറിടിച്ചു കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതി ആറാം ദിനം മുന്‍കൂര്‍ ജാമ്യംതേടി കോടതിയില്‍. ഒളിവില്‍ പോയ പ്രതി അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോര്‍ജിനായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസിറക്കിയതിനു പിന്നാലെയാണു മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. കോട്ടയം സെഷന്‍സ് കോടതിയിലാണു ജാമ്യാപേക്ഷ നല്‍കിയത്.
അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനിയായ വൈപ്പിന്‍ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‌ലിയ ജോണ്‍സണ്‍ (19) ആണു മരിച്ചത്. കഴിഞ്ഞ മാസം 28ന് അങ്കമാലി ടെല്‍ക്ക് ജങ്‌ഷനിലായിരുന്നു അപകടം. അങ്കമാലി മോണിങ് സ്‌റ്റാര്‍ ഹോംസയന്‍സ് കോളജിലെ വിദ്യാര്‍ഥിനിയാണു ജസ്‌ലിയ. പാര്‍ട്ട് ടൈം ജോലിക്ക് ശേഷം തിരികെ വരികയായിരുന്ന ജസ്‌ലിയയെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാത്തതു കടുത്ത പ്രതിഷേധത്തിനും ഇടയാക്കി. തുടര്‍ന്നാണു ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്.
പ്രതിയെ പിടികൂടുന്നതിനു പോലീസ് വരുത്തിയ വീഴ്‌ചയാണ് ഒളിവില്‍ പോകാന്‍ സഹായിച്ചത്. ഇയാള്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നെന്നാണു വിവരം. അപകടത്തില്‍പ്പെട്ട കാര്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നുമാണു കണ്ടെത്തിയത്.
ഗുരുതര പരുക്കേറ്റ ജസ്‌ലിയയ്‌ക്കു മസ്‌തിഷ്‌കമരണം സംഭവിച്ചു. തുടര്‍ന്നു ജസ്‌ലിയയുടെ കരളും വൃക്കകളും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്‌തു. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടക്കുന്നത്.