Sunday, March 15, 2026 Last Updated 17 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

അറബിക്കടലില്‍ ചക്രവാതച്ചുഴി; മഴ ശക്‌തമായേക്കും

തിരുവനന്തപുരം: അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്‌ഥാനത്തു വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്‌തി പ്രാപിച്ചേക്കും. അതേസമയം കാറ്റ്‌ പ്രതികൂലമെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയാം. കുംഭ മാസം പകുതി പിന്നിട്ടിട്ടും വേനല്‍ മഴ കരുത്താര്‍ജിക്കാത്തതിനാല്‍ കൊടുംചൂടിന്റെ പിടിയിലാണ്‌ സംസ്‌ഥാനം. കുടിവെള്ള ക്ഷാമത്തിനൊപ്പം കാര്‍ഷിക മേഖലയെ അടക്കം മഴക്കുറവ്‌ സാരമായി ബാധിക്കുമെന്നാണ്‌ ആശങ്ക. ഇടവിട്ട്‌ സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട്‌ കുറയാന്‍ ഇതു പര്യാപ്‌തമല്ല. വരും ദിവസങ്ങളിലും ഇടവിട്ടുള്ള വേനല്‍ മഴ തുടരുമെന്നും അടുത്ത ആഴ്‌ചയോടെ മഴ കൂടുതല്‍ ശക്‌തിപ്രാപിക്കുമെന്നുമാണ്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
പത്തനംതിട്ട, പാലക്കാട്‌, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്‌ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌ . ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ സംസ്‌ഥാനത്ത്‌ 116 ശതമാനം അധിക മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 66 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയത്‌. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ സംസ്‌ഥാനത്ത്‌ പെയ്‌തത്‌ 45.6 മില്ലീമീറ്റര്‍ മഴയാണ്‌. 21.1 മില്ലമീറ്റര്‍ പെയ്യേണ്ട സ്‌ഥാനത്താണ്‌ ഇതെന്നും മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്‌ഥാനത്ത്‌ പകല്‍ച്ചൂട്‌ ഉയരുകയാണ്‌. മിക്ക ജില്ലകളിലും പകല്‍ കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസിനും മുകളിലെത്തി. പകല്‍ച്ചൂടിനൊപ്പം യുവി വികിരണത്തിന്റെ തീവ്രതയും തോതുമുയര്‍ന്നതും ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്‌.
ഫെബ്രുവരിയില്‍ സംസ്‌ഥാനത്ത്‌ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകല്‍ താപനില കഴിഞ്ഞ 21 ന്‌ കോട്ടയത്ത്‌ രേഖപ്പെടുത്തിയ 37.5 ഡിഗ്രി സെല്‍ഷ്യസാണ്‌. മാസത്തിന്റെ തുടക്കത്തില്‍ ശരാശരി 35 ഡിഗ്രിയായിരുന്ന പകല്‍ താപനിലയാണ്‌ രണ്ടു ഡിഗ്രിയിലേറെ ഉയര്‍ന്നത്‌. പാലക്കാട്‌ കൂടിയ പകല്‍ താപനില 36.9 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഫെബ്രുവരിയുടെ തുടക്കത്തില്‍ പാലക്കാട്ടെ ശരാശരി പകല്‍ താപനില 32.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
പുനലൂരില്‍ 36.6 ഡിഗ്രി, വെള്ളാനിക്കരയില്‍ 36.4 ഡിഗ്രി, കണ്ണൂരിലും കോഴിക്കോട്ടും 35.8 ഡിഗ്രി വരെയും പകല്‍താപനില ഉയര്‍ന്നു. ഇതു പകല്‍ച്ചൂട്‌ കൂടുന്നതിന്റെ ഒരു പ്രവണതയാണ്‌. ഇനിയും വേനല്‍മഴ ശക്‌തിപ്പെട്ടില്ലെങ്കില്‍ വേനല്‍ കടുപ്പമേറിയതാകുമെന്ന്‌ കാലാവസ്‌ഥാ വിദഗ്‌ധര്‍ പറഞ്ഞു.

ജി. അരുണ്‍

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google